അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം സഖാവ് പിണറായി വിജയൻ

ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ക്രൂരതയുടെ ചരിത്രത്തിന് 46 വയസ് പിന്നിടുമ്പോൾ ചരിത്ര നിയോഗം പോലെ കാലം ബാക്കിവച്ച അവശേഷിപ്പാണ് പിണറായി വിജയൻ.അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയുടെ നേർചിത്രം കൂടിയാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടങ്ങളിൽ ഒരു തുള്ളി പോലും വെള്ളം ചേർത്തിട്ടില്ല ഇന്നും പിണറായി എന്ന കമ്മ്യുണിസ്റ്റ്.

ഇന്ത്യയിൽ 1975 ജൂൺ 26 പിറന്നത് കണ്ണുകളും കാതുകളും അടഞ്ഞ പ്രഭാതത്തിലേയ്ക്കായിരുന്നു .സ്വതന്ത്ര ഇന്ത്യയുടെ കറുത്ത നാളുകളിലേക്ക് .അത്ര എളുപ്പം ആ കറുത്ത നാളുകളെ ഇന്ത്യൻ ജനതയ്ക്ക് മറന്നു കളയാനാകില്ല.എഴുപത്തഞ്ചിലെ ജൂൺ 25 ന് അർധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒരു കടലാസ് തുണ്ടിൽ ഒപ്പ് വെച്ചു.

ഇന്ത്യൻ ജനാധിപത്യത്തെ കഴുമരത്തിലേറ്റുന്നതായിരുന്നു ആ കൈയ്യൊപ്പ് .1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടു നിന്ന 21 മാസങ്ങളാണ് ഇന്ദിരയെന്ന പ്രധാനമന്ത്രിയുടെ ഏകാധിപത്യത്തിനും അതിനെതിരായ രാജ്യം കണ്ട സമാതകളില്ലാത്ത പോരാട്ടത്തിനും ഇടയിൽ ദൈർഘ്യമുണ്ടായിരുന്നത്.

ഇന്ദിരയുടെ നടപടിയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി.കേരളത്തിൽ സിപിഐഎം നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കി. തെരുവുകളിലും വീടുകളിലും എസ്എഫ്ഐയുടെയും സിപിഐഎമ്മിൻറെയും നേതാക്കളും പ്രവർത്തരും ഇന്ദിരയുടെ വിശ്വസ്ഥനായ കെ കരുണാകരൻറെ പൊലീസ് സംഘത്താൽ ആക്രമിക്കപ്പെട്ടു.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് സംഘം വീടുകളിൽ നിന്നും പലരേയും വലിച്ചി‍ഴച്ച് കൊണ്ട് പോയി. ഇടിവണ്ടികളിൽ ബൂട്ടുകളാലും ബാറ്റണുകളാലും പീഢിപ്പിക്കപ്പെട്ടു. മനുഷ്യരക്തങ്ങൾ തെരുവുകളിൽ ഉറുമ്പരിച്ചു.ഇന്ദിരയുടേതിന് സമാനമായ ഏകാധിപത്യമായിരുന്നു കെ കരുണാകരൻറെ നേതൃത്വത്തിലും അരങ്ങേറിയത്. പക്ഷെ കേരളം ഭയന്ന് നിന്നില്ല.തെരുവുകളിൽ പ്രതിഷേധം പടർന്ന് കയറി.10 ഓളം എംഎൽഎമാർ അറസ്റ്റ് ചെയ്യപ്പെട്ടു.

അന്നത്തെ കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഞ്ചു പൊലീസുകാർ ഒരു ദിവസം മുഴുവൻ അദ്ദേഹത്തെ മർദിച്ചു.കാലുകൾ മർദനത്തിൽ ഒടിഞ്ഞുതൂങ്ങി. പിന്നീട് നിലത്തിട്ടു ബോധം മറയുന്നതുവരെ ചവിട്ടി.ബോധരഹിതനായ പിണറായി വിജയൻ ജയിലിലടയ്ക്കപ്പെട്ടു.

നിയമസഭയിൽ പലവട്ടം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് അടക്കം പിണറായിയുടെ കാര്യം ഉന്നയിച്ചെങ്കിലും, പിണറായിയെ പുറത്തിറക്കാൻ കോൺഗ്രസിൻറെ ഭരണകൂടത്തിന് ഭയമായിരുന്നു .സംസ്ഥാനത്തെ ഒരു എംഎൽഎക്ക് നേരയായിരുന്നു ഈ ക്രൂരതകൾ എങ്കിൽ അടിയന്തിരാവസ്ഥക്കെതിരെ ആശയപരമായും നേരിട്ടും പ്രതികരിച്ച ഒരാളെ പോലും ഭരണ കൂടം വെറുതെ വിട്ടില്ല.

പൊലീസിൻറെ നരനായാട്ടിൽ പല ജീവിതങ്ങളും ജീവശ്ചവങ്ങളായി .കലാലയങ്ങളിൽ നിന്നുയർന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ കെ കരുണാകരൻറെ നിർദേശ പ്രകാരം ജയറാം പടിക്കലിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കലാലയങ്ങൾ കയറിയിറങ്ങി. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജനെയും കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് രേഖപ്പെടുത്താതെ ദിവസങ്ങളോളം കക്കയം ക്യാമ്പിൽ ഇട്ട് ഉരുട്ടി. അതിനിടെ രാജൻ കൊല്ലപ്പെട്ടു .മൃതദേഹം പോലും ഇന്നോളം കണ്ടുകിട്ടിയിട്ടില്ലാത്ത ക്രൂരതയായിരുന്നു അത്. ചരിത്ര നിയോഗമായി പിണറായി വിജയൻ കൂത്തുപറമ്പിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി.

1977 മാർച്ച് 30 ന് കൈയ്യിൽ മടക്കിപ്പിടിച്ച ഒരു തുണിക്കെട്ടുമായി പിണറായി സഭയിലെത്തി. സഭാതലം നിശബ്ദമായി. രക്തം പുരണ്ട വസ്ത്രങ്ങളുമായി പിണറായി സഭയിൽ എഴുന്നേറ്റു . പ്രതിഷേധത്തിൻറെയും താനനുഭവിച്ച ക്രൂരതയുടെയും ശബ്ദം കോൺഗ്രസ് ഭരണകൂടത്തിൻറെ കാതടപ്പിക്കുന്നതായിരുന്നു.

ഇന്ത്യൻ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട് 46 വർഷം പിന്നിടുമ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളിലൂടെ രാജ്യം കടന്ന് പോകുമ്പോൾ, ചരിത്രം കാത്ത് വെച്ച ശേഷിപ്പായി പിണറായി എന്ന പോരാളി ഇപ്പൊഴും പോരാട്ടം തുടരുകയാണ്.ഇന്ത്യൻ ഭരണകൂടത്തിൻറെ ഫാസിസ്റ്റ് നടപടികൾക്കെതിരായ മുന്നണി പോരാളിയായി, ഏകാധിപത്യത്തിനെരായ പോരാട്ടത്തിൽ ഇപ്പോഴും രാജ്യം കാതോർക്കുന്ന ശബ്ദമായി……

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News