കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു കോണ്‍ഗ്രസ് വിട്ട് സി പി ഐ എമ്മിലേയ്ക്ക്

കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി സി സി അംഗവുമായ എ ബി സാബു സി പി ഐ എമ്മില്‍ ചേര്‍ന്നു. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സെന്ന് സാബു ആരോപിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ കെ ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ ബി സാബു.

ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സി പി ഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്ത് നോക്കുമ്പോള്‍, കോണ്‍ഗ്രസില്‍ തുടര്‍ന്നു കൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കും ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ട ഈയൊരു സാഹചര്യത്തില്‍ ഇന്ന് ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു.

രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും തുടരുന്നതിന് വേണ്ടി സി പി ഐ എമ്മില്‍ ചേര്‍ന്ന് ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം എന്നാണ് ഞാന്‍ എടുത്തിട്ടുള്ള തീരുമാനം. അതില്‍ സി പി ഐ എം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട്, അവരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്,’ സാബു പറഞ്ഞു.

നേരത്തെ തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ ബാബു തോല്‍ക്കുമെന്നും അദ്ദേഹത്തിന് ബി ജെ പിയുമായി ധാരണ ഉണ്ടെന്നും എ ബി സാബു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന് യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ബി ജെ പിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകുമെന്നും മണ്ഡലത്തില്‍ എം സ്വരാജിന് അനുകൂല സാഹചര്യമാണെന്നും സാബു നേരത്തെ പറഞ്ഞിരുന്നു. ഐ വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചായിരുന്നു മണ്ഡലത്തില്‍ ബാബുവിന്റെ പ്രചാരണമെന്നും സാബു ആരോപിച്ചിരുന്നു. ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി എന്നും സാബു വിമര്‍ശിച്ചിരുന്നു.

പ്രതിസന്ധി കാലത്ത് ജനങ്ങളെ ചേര്‍ത്തു പിടിച്ചതിനുള്ള അംഗീകാരമായാണ് ഇടതു മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചതെന്നും സാബു അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News