നവി മുംബൈ വിമാനത്താവളം; ആഗസ്റ്റ് 15 നകം പേര് തിരുത്തിയില്ലെങ്കില്‍ നിര്‍മ്മാണം തടയുമെന്ന് പ്രതിഷേധക്കാര്‍

നവി മുംബൈയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പണിപൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ പേരിനെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരാട്ടം ശക്തമായിരിക്കയാണ്. വിമാനത്താവളത്തിന് പ്രദേശികനേതാവായ ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് പദ്ധതി ബാധിത മേഖലയിലെ ഗ്രാമീണര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് വന്‍ ജനപങ്കാളിത്തം ലഭിച്ചതോടെ പേര് വിവാദം തുറന്ന യുദ്ധത്തിലേക്കാണ് നയിച്ചിരിക്കുന്നത്.

നവി മുംബൈയിലെ വികസനത്തിനായി സിഡ്കോ സ്ഥലം ഏറ്റെടുത്തപ്പോള്‍ ഭൂമി നഷ്ടമായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതില്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് ഡി ബി പാട്ടീല്‍. വിമാനത്താവളത്തിന് പാട്ടീലിന്റെ പേര് നല്‍കണമെന്നത് പദ്ധതിയുടെ തുടക്കം മുതലുള്ള ആവശ്യമാണെന്നാണ് തദ്ദേശീയരായ ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ തിടുക്കത്തില്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേര് അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഗ്രാമവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 15നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

ദേശാടനപക്ഷികളായ രാജഹംസങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ച് പണിയുന്ന വിമാനത്താവളത്തിന് ഫ്‌ളമിംഗോ എന്ന പേര് നല്‍കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുണ്ട്.

16,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നവി മുംബൈ വിമാനത്താവളം ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഹരിത വിമാനത്താവളമാണ്. 3700 മീറ്റര്‍ നീളമുള്ള രണ്ട് സമാന്തര റണ്‍വേകളുള്ളതാണ് വിമാനത്താവളം. 1500 മീറ്റര്‍ നീളുള്ള ടാക്സിവേയുമുണ്ട്. ഒരു റണ്‍വേ ഉള്‍പ്പെടെ ആദ്യഘട്ടം 2023-ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. എന്നാല്‍ ഭൂമി നിരപ്പാക്കല്‍ ഘട്ടത്തില്‍ നില്‍ക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മുടങ്ങി കിടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News