കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പായിപ്പാട് മേഖലയിലെ തൊഴിലാളികള്‍ക്കായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിലാണ് വാക്സിനേഷന് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്സിനാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ക്യാമ്പിന്റെ ഭാഗമായി കഴിഞ്ഞദിവസം 150 തൊഴിലാളികളാണ് വാക്സിന്‍ സ്വീകരിച്ചത്. ഇന്ന് ഇതേ കേന്ദ്രത്തില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടക്കും.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് പല തൊഴിലാളികളും വിമുഖത കാട്ടിയ സാഹചര്യത്തില്‍ നേരത്തെ തൊഴില്‍ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ നേരിട്ട് ക്യാമ്പുകളിലെത്തി ബോധവത്കരണം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനീഷ് തമ്പാനും ജവഹര്‍ സുരക്ഷ പ്രൊജക്ട് മാനേജര്‍ ബൈജു ജനാര്‍ദ്ദനനും വാക്സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികള്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. തിരക്ക് ഒഴിവാക്കുന്നതിന് തൊഴിലാളികളെ അന്‍പത് പേര്‍ വീതമുള്ള ബാച്ചുകളായാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇവിടെ വെച്ച് രജിസ്ട്രേഷന്‍ നടത്തി ടോക്കണ്‍ നല്‍കിയാണ് കുത്തിവയ്പ്പ് എടുക്കുന്നത്. തൊഴിലാളികളെ വാക്സിന്‍ കേന്ദ്രത്തിലെത്തിക്കുന്നതിന്റെ ചുമതല ലേബര്‍ ക്യാമ്പ് ഉടമകള്‍ക്കാണ്.

തൊഴില്‍, ആരോഗ്യം, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് വാക്സിനേഷന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ പി ജി വിനോദ് കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഷാജഹാന്‍, പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സാലി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News