കുടുംബങ്ങള്‍ ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കണം: മന്ത്രി വി.എന്‍ വാസവന്‍

കുടുംബങ്ങള്‍ക്ക് ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കാനായാല്‍ ലഹരിയുടെ വിപത്തില്‍നിന്നും ഭാവി തലമുറകളെ രക്ഷിക്കാനാകുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവിരുദ്ധ ആശയങ്ങള്‍ ബാല്യത്തില്‍ തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇതിന് അനുയോജ്യമായ കുടുംബാന്തരീക്ഷം സജ്ജമാക്കാനും ജാഗ്രത പുലര്‍ത്തണം. മാതാപിതാക്കളുടെ തെറ്റായ മാതൃകകളോ ജാഗ്രതക്കുറവോ മൂലം കുട്ടികള്‍ ലഹരിയുടെ വഴിയില്‍ സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിയുന്ന വിധത്തില്‍ ലഹരിവിരുദ്ധ ആശയങ്ങളും ലഹരിയുടെ ഭവിഷ്യത്തുകളും കുടുംബങ്ങളില്‍ ചര്‍ച്ചാവിഷയമാകണം. നിയമംകൊണ്ടു മാത്രം ലഹരിയുടെ ഭീഷണി ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്.

ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള എക്‌സൈസ് വകുപ്പിന്റെ ബോധവത്ക്കരണ പരിപാടികള്‍ ജില്ലയിലെ ക്ലബുകളും സാംസ്‌കാരിക സംഘടനകളും ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ആര്‍. സുള്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ പങ്കെടുത്ത സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ അബു ഏബ്രഹാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ അഡാര്‍ട്ടിലെ കൗണ്‍സിലര്‍ ഷാജി കച്ചിമറ്റം ബോധവത്ക്കരണ ക്ലാസെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ റേഞ്ച്, താലൂക്ക് തലങ്ങളില്‍ എക്‌സൈസ് വകുപ്പ് വിവിധ പരിപാടികളും സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here