ആദിവാസി ഊരുകളില്‍ ഒരു മാസത്തിനകം 100% വാക്‌സിനേഷന്‍ നടപ്പാക്കും ; മന്ത്രി വീണാ ജോര്‍ജ്ജ്

കേരളത്തിലെ ആദിവാസി ഊരുകളില്‍ ഒരു മാസത്തിനകം 100 ശതമാനം വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആദിവാസി മേഖലയ്ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ എത്തിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.

ആദിവാസി മേഖലകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അട്ടപ്പാടിയിലെത്തിയത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച ശേഷം അവലോകന യോഗം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിലയിരുത്തി. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളില്‍ 82ശതമാനത്തോളം പേര്‍ക്ക് ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. മൊബൈല്‍ കൊവിഡ് പരിശോധന യൂണിറ്റ് ആഴ്ചയില്‍ ഒരിക്കല്‍ അട്ടപ്പാടിയിലെത്തും. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള നടപടികളെടുക്കും. ഒരു മാസത്തിനകം കേരളത്തിലെ ആദിവാസി മേഖലയിലെ വാക്‌സിനേഷന്‍ നൂറു ശതമാനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിദൂര ഊരുകളിലടക്കമെത്തി വാക്‌സിനേഷനും കൊവിഡ് പരിശോധനയുമെല്ലാം നടത്തുന്ന ആരോഗ്യപ്രവര്‍ത്തനകരെ മന്ത്രി അഭിനന്ദിച്ചു. പുതൂര്‍ ഊരിലെ സാമൂഹിക അടുക്കളയും പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഒക്‌സിജന്‍ വിതരണ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here