പുത്തൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി കെ രാജൻ

പുത്തൂർ ഗ്രാമപഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം ചെയ്ത സംസ്ഥാന സർക്കാർ പദ്ധതിയാണ് കേരഗ്രാമം.

പുത്തൂർ കൃഷിഭവൻ മുഖേനയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലായി 43,750 തെങ്ങുകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

രോഗം ബാധിച്ചതും ഉല്‍പാദനം കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ പദ്ധതിയുടെ ഭാഗമായി നടും. പമ്പു സെറ്റുകൾ, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്യും.

ജൈവവള ഉൽപാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നൽകും. കേര സമിതിയുടെ പ്രവര്‍ത്തന ചെലവ്, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷി, കേര കര്‍ഷകര്‍ക്ക് രാസവളം, ജൈവ വളം എന്നിവയ്ക്ക് ധനസഹായം നല്‍കും. കുമ്മായ വിതരണം, തടം തുറക്കല്‍, ഇടയിളക്കല്‍ തുടങ്ങി തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.

തേങ്ങ ഉൽപാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ കേരഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കാൻ കഴിയും.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ജഷി,ഒല്ലൂക്കര അസിസ്റ്റന്റ് കൃഷി ഡയറക്ടർ പി സി സത്യവർമ്മ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel