ബിജെപി കോഴ; പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു.മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം സംഭവത്തിൽ കൂടുതൽ ബി ജെ പി നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ്‌ വിവരം.

സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറിയത് പ്രശാന്ത് മലവയലാണെന്ന് ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകിയിരുന്നു. നിവേദ്യങ്ങളടങ്ങിയ തുണി സഞ്ചിയിൽ ഒളിപ്പിച്ചാണ് പണം നൽകിയതെന്നായിരുന്നു മൊഴി.

ബത്തേരിയിലേയ്ക്ക് കാസർഗോഡു നിന്ന് ഇന്നോവാ കാറിൽ പണമെത്തിച്ചതും പ്രശാന്താണെന്നും പ്രസീത മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രശാന്തിനെ ചോദ്യം ചെയ്തത്.പണമിടപാട്‌ സംബന്ധിച്ച മൊഴികളിൽ പലതും വാസ്തവവിരുദ്ധമാണെന്നാണ്‌ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.കേസിലെ മറ്റുള്ള മൊഴികൾ കൂടി പരിശോധിച്ചതിന്‌ ശേഷം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്‌.ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും പ്രശാന്ത് മലവയൽ പ്രതികരിച്ചു.

രാവിലെ 8 മണിയോടെയാണ് പ്രശാന്ത് മലവയൽ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയത്. ചോദ്യം ചെയ്യൽ ഉച്ച തിരിഞ്ഞ് 3 മണി വരെ നീണ്ടു. സി.കെ. ജാനു ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.കോഴകൈമാറ്റത്തെക്കുറിച്ച്‌ അറിവുള്ള മറ്റ്‌ ബി ജെ പി നേതാക്കളും അന്വേഷണപരിധിയിലുണ്ട്‌.

കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.അതേസമയം സാമ്പത്തിക ഇടപാടുകളിൽ നടപടി ആവശ്യപ്പെട്ട്‌ യുവമോർച്ചയിലും ബി ജെ പിയിലും കൂട്ടരാജി തുടരുകയാണ്‌. 180 പേർ കൂടി ഇന്ന് പാർട്ടി വിട്ടതായി വിമതപക്ഷം അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News