പുതിയ കോണ്‍ഗ്രസ് ഭരണസമിതി ആംബുലന്‍സ് ഡ്രൈവറെ പിരിച്ച് വിട്ടു, പെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം. പഞ്ചായത്തിന് കീഴിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനം മുടങ്ങിയതിനെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ കോണ്‍ഗ്രസ് ഭരണ സമിതി ആംബുലന്‍സ് ഡ്രൈവറെ പിരിച്ച് വിട്ടതോടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനം മുടങ്ങിയത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്പത്ത് എം പി പെരിങ്ങമ്മല പിഎച്ച്‌സിക്ക് വേണ്ടി നല്‍കിയ ആംബുലന്‍സിലാണ് ആശുപത്രിയിലെ പാലീയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അന്നുമുതല്‍ സുധീറാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍. എന്നാല്‍ പുതുതായ അധികാരമേറ്റ കോണ്‍ഗ്രസിന്റെ ഭരണ സമിതി സുധീറിനെ പിരിച്ച് വിട്ടു. പകരം കോണ്‍ഗ്രസ് മെമ്പറുടെ ഭര്‍ത്താവിനെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോടതിയെ സമീപിക്കുകയും തനിക്കനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ഭരണ സമിതി വാഹനവും താക്കോലും തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ല. വാഹനം ഇല്ലാത്തതിനാല്‍ ദിവസങ്ങളായി പാലിയേറ്റീവ് പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്.

മെഡിക്കല്‍ ഓഫീസറും പൊലീസും ഇടപെട്ടിട്ടും പഞ്ചായത്ത് ഭരണ സമിതി വാഹനം തിരികെ ഏല്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല. കൊവിഡ് സാഹചര്യത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം മുടങ്ങിയതില്‍ വിലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ ആശുപത്രിയിലെ രണ്ട് ലാബ് ടെക്‌നീഷ്യന്‍മാരെയും ഭരണ സമിതി പിരിച്ച് വിട്ട് പകരം യോഗ്യത ഇല്ലാത്ത രണ്ട് പേരം നിയമിച്ചു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടതോടെ അവരെ മാറ്റി. പകരം നിയമനം നടത്താതെ മാസങ്ങളായി ലാബും അടച്ചിട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here