ഷോലെയും ദീവാറും പറന്നഭിനയിച്ച പടങ്ങളെന്ന് അമിതാഭ് ബച്ചൻ

ബോളിവുഡിലെ ഏറ്റവും കഠിനാധ്വാനിയായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും തന്റെ കൃത്യനിഷ്ഠയും അർപ്പണ ബോധവും ഇന്നും തുടരുന്ന നടനാണ് ബിഗ് ബി.

എഴുപതുകളിലെ തിരക്കുള്ള നാളുകളിൽ താൻ എങ്ങനെയാണ് സിനിമകളുടെ ചിത്രീകരണങ്ങളിൽ പങ്കെടുത്തിരുന്നതെന്നാണ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കിടുന്നത്.ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളായ ദിവാർ, ഷോലെ എന്നീ ചിത്രങ്ങളുടെ നിർമ്മാണങ്ങൾ ഒരേ സമയം നടന്നിരുന്ന വേളയിൽ മുംബൈയിലും ബാംഗ്ലൂരിലുമായി വ്യത്യസ്ത ലൊക്കേഷനുകളിൽ മാറി മാറി അഭിനയിച്ചിരുന്ന നാളുകൾ ഓർത്തെടുക്കുകയായിരുന്നു ബച്ചൻ. ദീവാറിന്റെ ചിത്രീകരണം മുംബൈയിൽ ആയിരുന്നുവെങ്കിൽ ഷോലെയുടെ ലൊക്കേഷൻ ബാംഗ്ലൂർ ആയിരുന്നു.

രണ്ടു ഷിഫ്റ്റുകളിലായി നടന്നിരുന്ന ചിത്രീകരണത്തിൽ പകൽ മുഴുവൻ ഷോലെയിൽ അഭിനയിക്കും. രാത്രി ഫ്ലൈറ്റ് പിടിച്ചു മുംബൈയിലെത്തി ദീവാറിന്റെ സെറ്റിൽ പങ്കു ചേരും. ഉച്ചഭക്ഷണ ഇടവേളകൾ പോലും ഒഴിവാക്കിയായിരുന്നു ജോലികൾ കൃത്യമായി പൂർത്തിയാക്കി അടുത്ത ലൊക്കേഷനിലേക്ക് പറന്നിരുന്നത്.

ദീവാറിന്റെ ക്ലൈമാക്സ് രാത്രിയിൽ ചിത്രീകരിക്കേണ്ടതായിരുന്നു,അതിനാൽ മുംബൈയിലെത്തി രാത്രി മുഴുവൻ ഉറങ്ങാതിരുന്നാണ് ശശി കപൂർ, യഷ് ചോപ്ര എന്നിവരോടൊപ്പം അടിയും വെടി വയ്പ്പുമെല്ലാം ചിത്രീകരിച്ചിരുന്നത്.

മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിൽ പ്രത്യേക അനുമതിയെടുത്തായിരുന്നു ചിത്രീകരണം. പുലർച്ചെ 5 മണിയോടെ ജോലി പൂർത്തിയാക്കി വീണ്ടും നേരെ വിമാനത്താവളത്തിലേക്ക്. അവിടെ ബാംഗ്ലൂരിൽ ഷോലെയുടെ രാംഗഡ് ലൊക്കേഷനിൽ രമേശ് സിപ്പിക്കൊപ്പം ദിവസം മുഴുവൻ ചിത്രീകരണം.വൈകുന്നേരമായാൽ വീണ്ടും ദീവാറിന്റെ ചിത്രീകരണത്തിനായി മുംബൈയിലേക്ക് മടങ്ങും.

ജോലി പൂർത്തിയാകുന്നതുവരെ ഇത് ദിവസങ്ങളോളം തുടർന്നു. ഉറക്കം ഫ്ലൈറ്റിൽ വീണു കിട്ടുന്ന ഒരു മണിക്കൂർ മാത്രം. ഈ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റുകളായി മാറിയെന്നതാണ് പിന്നീട് സന്തോഷം പകർന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ തന്റെ ആദ്യ നാളുകളിലെ അനുഭവങ്ങൾ ബ്ലോഗിൽ കുറിച്ചു.

ദീവാർ സിനിമയിലെ കോസ്റ്റ്യൂംസിനെ കുറിച്ചും രസകരമായ കാര്യം ബച്ചൻ വെളിപ്പെടുത്തി. ചിത്രത്തിൽ താൻ ധരിച്ചിരുന്ന ഷർട്ടിന്റെ അടിഭാഗം സ്റ്റൈലിൽ കെട്ടിയിരുന്നത് അക്കാലത്ത് വലിയ തരംഗമായിരുന്നു. എന്നാൽ ഷർട്ടിലെ കെട്ട് കഥാപാത്രത്തിന്റെ ഭാഗമോ, സ്റ്റൈലിന് വേണ്ടിയോ ആയിരുന്നില്ല .

അത് തയ്യൽക്കാരന്റെ പിഴവായിരുന്നുവെന്നാണ് ബച്ചൻ പറയുന്നത്. ഷർട്ട് തന്റെ പാകത്തിൽ ആയിരുന്നില്ല. തിരക്കിട്ട് ഓടി നടക്കുന്നതിനിടയിൽ ശരിയായ അളവ് നൽകാനും കഴിഞ്ഞില്ല. മറ്റൊരു ഷർട്ടിനായി കാത്തിരിക്കാനും സമയമില്ലായിരുന്നു. അങ്ങിനെയാണ് ഷർട്ട് ബട്ടണഴിച്ച് കെട്ടിയിട്ടതും അതൊരു ട്രെൻഡ് ആയി മാറിയതുമെന്ന് അമിതാഭ് ബച്ചൻ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News