ലോഹിയില്ലാത്ത മലയാള സിനിമയുടെ പന്ത്രണ്ട് വർഷങ്ങൾ

പ്രേക്ഷക ഹൃദയം തൊട്ട തിരക്കഥകളും സിനിമകളും മലയാളത്തിനു സമ്മാനിച്ച പ്രിയ കഥാകാരന്റെ ഓർമകൾക്ക് ഇന്ന് 12 വയസ്സ്.‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’ വരെ നാൽപ്പതിലേറെ സിനിമകളിലൂടെ ജീവിതഗന്ധികളായ കഥകൾ പറഞ്ഞ ലോഹിതദാസ് ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം 2009 ജൂൺ 28നായിരുന്നു.

സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും സിനിമകളിൽ നിറച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ് .കഥാകാരൻ മൺമറഞ്ഞ് പോയെങ്കിലും അദ്ദേഹം സൃഷ്ടിച്ച ജീവസ്സുറ്റ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മലയാള സിനിമയുള്ളിടത്തോളംകാലം ചിരസ്മരണീയമായി നിലനിൽക്കും.

തിലകന്റെ ശുപാർശയിൽ മമ്മൂട്ടിയോട് കഥ പറയാൻ വന്ന ലോഹിതദാസിനെ സഹപ്രവർത്തകരിൽ പലരും ഓർമ്മിക്കുന്നുണ്ട്.മമ്മൂട്ടി അഭിനയിക്കുന്ന ഏതോ സിനിമയുടെ ലൊക്കേഷനിൽ തനിയാവർത്തനത്തിന്റെ കഥ ലോഹി പറഞ്ഞ് തുടങ്ങിയത് നിന്നുകൊണ്ടാണ്.

കഥ കേട്ട് തുടങ്ങി നിമിഷങ്ങൾക്കകം മമ്മൂട്ടിയുടെ ശബ്ദമുയർന്നു.“ഇവിടെയാരുമില്ലേ ഇദ്ദേഹത്തിന് ഒരു കസേരയിട്ടുകൊടുക്കാൻ.?അടുത്തനിമിഷം കസേര വന്നു. ലോഹിതദാസ് ഇരുന്നു. അന്ന് മമ്മൂട്ടി വലിച്ചിട്ടുകൊടുത്ത കസേരയിലേക്ക് കയറിരുന്ന ലോഹിതദാസ് പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ നിരയിലാണ് സ്വന്തം കസേര സ്വന്തമാക്കിയത്.

സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം സമൂഹം ഭ്രാന്തനാക്കി മാറ്റിയ ഒരു മനുഷ്യന്റെ ദുരന്തമാണ് പറഞ്ഞത്.തനിയാവർത്തനം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. തനിയാവർത്തനത്തിലെ ബാലൻ മാഷ് മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായും.

കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ തന്നിലേക്ക് ആവാഹിക്കുന്ന കഥാകൃത്താണ് ലോഹിതദാസ്. കിരീടത്തിലെ സേതുമാധവനായും കീരിക്കാടനായും ഒരേ സമയം മനസുകൊണ്ട് മാറിമാറി ചിന്തിക്കുമ്പോൾ എഴുതുമ്പോൾ മനസിന്റെ പിടിവിട്ടുപോകുന്ന കടുത്ത പനിയും അസ്വസ്ഥതകളും പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന അവസ്ഥവരെ ലോഹിതദാസെന്ന മഹാനായ എഴുത്തുകാരൻ അഭിമുഖീരിച്ചിട്ടുണ്ട്.

”വിചാരണ, എഴുതാപ്പുറങ്ങൾ, ദശരഥം, മൃഗയ, ഹിസ് ഹൈനസ് അബ്ദുള്ള, സസ്‌നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ…. ലോഹിതദാസ് സ്പർശംകൊണ്ട് എക്കാലവും മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന എത്രയെത്ര ചിത്രങ്ങൾ.ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായ ലോഹിതദാസ് കന്മദവും കസ്തൂരിമാനുമുൾപ്പെടെ ഒരു ഡസനോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഭൂതക്കണ്ണാടിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ ലോഹിതദാസിനെ തേടി ആറുതവണ സംസ്ഥാന പുരസ്കാരങ്ങളുമെത്തി. കസ്തൂരിമാനിന്റെ തമിഴ് റീമേക്കിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.ഹൃദയത്തിൽ തൊടുന്ന കഥകളും സിനിമകളും ബാക്കിവച്ച് 2009 ജൂൺ 28 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ലോഹിതദാസിന്റെ മരണം.ലക്കിടി അകലൂരിലെ ‘അമരാവതി’യാണു ലോഹിതദാസിന്റെ പല തിരക്കഥകളും പിറന്ന, പ്രിയപ്പെട്ട വീട്. അമരാവതിയുടെ വളപ്പിലാണ് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here