ബിജെപിയുടെ പ്രതിച്ഛായ തകര്‍ന്നു; ആര്‍എസ്എസ്സിന്റെ ധാര്‍മികമൂല്യം ചോര്‍ന്നു: സി കെ പത്മനാഭന്‍

പ്രതിച്ഛായ തകര്‍ന്നതില്‍ ബിജെപിയും ധാര്‍മികമൂല്യങ്ങള്‍ ചോര്‍ന്നുപോയതില്‍ ആര്‍എസ്എസ്സും ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭന്‍. തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപിയും ആര്‍എസ്എസ്സും ചെന്നുപെട്ട പ്രതിസന്ധിയെക്കുറിച്ച് ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈനിലാണ് അദ്ദേഹം തുറന്നടിച്ചത്.

സജീവ രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്നോട്ടുപോകുകയാണെന്നും രാഷ്ട്രീയമാണ് എല്ലാമെന്ന ധാരണ ഇല്ലാതായെന്നും അഭിമുഖത്തില്‍ പറയുന്നു. രാഷ്ട്രീയത്തില്‍ നിഷേധാത്മകവും ഭാവാത്മകവുമായ രണ്ട് വശങ്ങളുണ്ട്. അതില്‍ നിഷേധാത്മക വശം മാത്രം കൊണ്ടുനടന്നാല്‍ മുന്നോട്ടുപോകാനാവില്ല.

ജനവിശ്വാസം നഷ്ടപ്പെടും. ഇത്തരം സമരത്തിലൂടെ നേതാക്കള്‍ക്ക് ആത്മസംതൃപ്തി ലഭിച്ചേക്കാം. അതുകൊണ്ട് കാര്യമില്ലെന്നും കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായശേഷം സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല സാധ്യതയാണ് ബിജെപിക്കുണ്ടായിരുന്നത്. യുഡിഎഫ് തീര്‍ത്തും ദുര്‍ബലമായിരുന്നു. ആ അവസരം മുതലെടുക്കാന്‍ കഴിയാത്തത് ഗൗരവമായി പരിശോധിക്കണം. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

ഒരിടത്താണെങ്കില്‍ ജയിക്കുമായിരുന്നു. എന്തുകൊണ്ട് രണ്ടിടത്ത് മത്സരിച്ചുവെന്ന് വ്യക്തമല്ല. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനും സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാനും കോഴ നല്‍കിയ സംഭവത്തില്‍ സി കെ പത്മനാഭന്‍ നേതൃത്വത്തെ പിന്തുണച്ചില്ല. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ എന്നായിരുന്നു പ്രതികരണം.

ആര്‍എസ്എസ്സും ബിജെപിയും തമ്മിലുള്ള ബന്ധം ആരംഭകാലം മുതലുള്ളതാണ്. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപഥസഞ്ചാരത്തിനിറങ്ങിയാല്‍ ഇടപെടാനുള്ള ശക്തി സംഘത്തിനുണ്ടായിരുന്നു. അതിനുള്ള ധാര്‍മികത ഇപ്പോള്‍ ചോര്‍ന്നുവോ എന്ന് ആര്‍എസ്എസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News