കരിപ്പൂര്‍ സ്വര്‍ണകള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അർജുൻ ഹാജരായത്.തന്റെ അഭിഭാഷകർക്കൊപ്പമായിരുന്നു അർജുൻ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ അർജുന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ ഷഫീഖിന്റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. മുഹമ്മദ് ഷഫീഖ് കാരിയർ മാത്രമായിരുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

അർജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തിൽപ്പെട്ട ചെർപ്പുളശ്ശേരി സംഘം അർജുൻ സഞ്ചരിച്ച കാറിനെയാണ് പിന്തുടർന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വർണ്ണവുമായി എയർപോർട്ടിൽ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അർജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നൽകുന്നു.

എയർപോർട്ടിൽ വെച്ച് പിടിയിലായത് അറിഞ്ഞ അർജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കൽ സ്വർണ്ണമുണ്ടെന്ന് കരുതി ചെർപ്പുളശ്ശേരി സംഘം ഇവരെ പിന്തുടർന്നത്. ഇതേത്തുടർന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതൽ അർജുൻ ഒളിവിലായിരുന്നു.

അർജുൻ ആയങ്കിയാണ് സ്വർണക്കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ സ്വർണം കടത്തിയ ആൾ നിരന്തരം അർജുൻ ആയങ്കിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.സ്വർണം കടത്താൻ ശ്രമിച്ച ആളുടെ അറിവോടെയാണ് അർജുൻ ആയങ്കി കവർച്ച ചെയ്യാൻ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

ചുവന്ന സ്വിഫ്റ്റ് കാറിൽ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി. ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടിൽ കസ്റ്റംസ് എത്തിയത്. എന്നാൽ റെയ്ഡിനെത്തിയ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായിട്ടില്ല.നേരത്തെ സ്വർണക്കടത്തിന് അർജുൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News