കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ

നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. മറ്റൊരു മത്സരത്തിൽ  പെറു ഒരു ഗോളിന് വെനസ്വേലയെ തോൽപ്പിച്ചു.

ക്വാർട്ടർ ഫൈനൽ ബെർത്ത് നേരത്തേ ഉറപ്പിച്ചതിനാൽ വലിയ അഴിച്ചുപണികൾ നടത്തിയാണ് പരിശീലകൻ ടിറ്റെ  ഇക്വഡോറിനെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. നെയ്മർ, ഗബ്രിയേൽ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയിൽ ഇടം നേടിയപ്പോൾ ഫിർമിന്യോ, എവർട്ടൻ, ഗാബി ഗോൾ, എന്നിവർ ആദ്യ ഇലവനിലെത്തി.

നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കനറികൾക്കെതിരേ മികച്ച പോരാട്ട വീര്യമാണ് ഇക്വഡോർ പുറത്തെടുത്തത്. 37-ാം മിനിട്ടിൽ  ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മഞ്ഞപ്പട ലീഡെടുത്തു. എവർട്ടൻ എടുത്ത ഫ്രീ കിക്കിൽ പ്രതിരോധതാരം എഡെർ മിലിട്ടാവോയായിരുന്നു ഗോൾ സ്കോറർ.

സമനില ഗോളിനായുള്ള ഇക്വഡോറിന്റെ ശ്രമങ്ങൾ രണ്ടാം പകുതിയിൽ ഫലം കണ്ടു. എന്നാൽ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53-ാം മിനിട്ടിൽ ഇക്വഡോർ സമനില ഗോൾ നേടി. പകരക്കാരനായി എത്തിയ ഏംഗൽ മിനയായിരുന്നു രക്ഷകൻ.

വിനീഷ്യസിനെയും കാസെമിറോയെയും പകരക്കാരായി ഇറക്കി വിജയഗോളിനായി ബ്രസീൽ പരിശ്രമിച്ചെങ്കിലും ഇക്വഡോർ പ്രതിരോധം കോട്ട കെട്ടി വിഫലമാക്കി.ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു എതിരില്ലാത്ത ഒരു ഗോളിന് വെനസ്വേലയെ തോൽപ്പിച്ചു.48 ആം മിനുട്ടിൽ കാറില്ലേയാണ് പെറുവിന്റെ വിജയഗോൾ നേടിയത്.

തോൽവിയോടെ വെനസ്വേല ടൂർണമെൻറിൽ നിന്നും പുറത്തായി. സമനിലയിൽ കുരുങ്ങിയെങ്കിലും ബി ഗ്രൂപ്പിൽ നിന്നും ജേതാക്കളായി ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. പെറുവാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ. ശനിയാഴ്ച്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News