സി പി ഐ എം പ്രതിഷേധ യോഗത്തിനിടെ ബി ജെ പി ആക്രമണം; സി പി ഐ എം എം എല്‍ എയ്ക്ക് പരിക്ക്

ത്രിപുരയില്‍ സി പി ഐ എം എം എല്‍ എയ്ക്ക് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. വിലക്കയറ്റത്തിനെതിരായ സി പി ഐ എം സമരത്തിനിടെയായിരുന്നു ആക്രമണം.

എം എല്‍ എ അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ധനവിലവര്‍ദ്ധനവിനും അതോടനുബന്ധിച്ചുള്ള മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവിനുമെതിരെ ഞായറാഴ്ച ബെലോനിയയില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.

പ്രകടനത്തിനുശേഷം സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും ബസ് സ്റ്റാന്‍ഡിന് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്ന് സി പി ഐ എം ആരോപിക്കുന്നു.

ജയ്ശ്രീം റാം വിളിച്ചുകൊണ്ട് വാഹനങ്ങളിലെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കല്ലെറിയുകയായിരുന്നു എന്നാണ് പരിക്കേറ്റ പ്രവര്‍ത്തകരുടെ മൊഴി. ബി ജെ പി പ്രവര്‍ത്തകരുടെ കല്ലേറില്‍ സുധന്‍ ദാസിന് തലക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. പിന്നീട് സുധന്‍ ദാസിന്റെ വീടിനും ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജയ ബാനര്‍ജിക്ക് ഈ കല്ലേറില്‍ നെഞ്ചിന് പരിക്കേറ്റിട്ടുണ്ട്.

ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുടലെടുക്കുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സൗമ്യ ദേബര്‍മ്മ പറഞ്ഞു.

ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് നീക്കിയതെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here