കെ എസ് ആർ ടി സി ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധർ മാത്രം: ആന്റണി രാജു

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെ എസ് ആർ ടി സി യുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.

കെ എസ് ആർ ടി സി യിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡാണ് നിലവിലുണ്ടായിരുന്നത്.

ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെ എസ് ആർ ടി സി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ദ്ധ അംഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.

സംസ്ഥാന സർക്കാരിൽ നിന്ന് കെ എസ് ആർ ടി സി സി എം ഡി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമ്മിഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും കേന്ദ്ര സർക്കാരിൽ നിന്ന് ഗതാഗത ഹൈവേ മന്ത്രാലയം, റെയിൽവേ ബോർഡ് എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ ഡയറക്ടർ ബോർഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News