”മാധ്യമങ്ങളുടെ നിഷ്പക്ഷത” കച്ചമുറുക്കിയ കപടത മാത്രമാണെന്ന് ഇക്കാലത്ത് ആരെയും പഠിപ്പിക്കേണ്ടതില്ല..നിര്‍ഭയം നേര് അറിയിക്കാന്‍ മാത്രമല്ല, നേര് അറിയിക്കാതിരിക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നില്ലേ? ; എ സമ്പത്ത്

വസ്തുതകളെ വളച്ചൊടിക്കുന്ന കപടമാധ്യമപ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ എംപി എ സമ്പത്ത്. എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമോ സാമുദായികമോ വ്യവസായ വാണിജ്യ പരമായോയുള്ള ചായ്‌വുകള്‍ നിസ്തര്‍ക്കമാണെന്നും ടെലിവിഷന്റെ മുന്നിലിരിക്കുന്ന കൊച്ചുകുട്ടി മുതല്‍ നിവര്‍ത്തിപ്പിടിച്ച് പത്രം വായിക്കുന്ന കട്ടിക്കണ്ണടക്കാരി മുത്തശ്ശിക്കു വരെ അത് തിരിച്ചറിയാനാകുമെന്നും സമ്പത്ത് വിമര്‍ശിച്ചു.

”മാധ്യമങ്ങളുടെ നിഷ്പക്ഷത” കച്ചമുറുക്കിയ കപടത മാത്രമാണ് എന്ന് ഇക്കാലത്ത് ആരെയും പഠിപ്പിക്കേണ്ടതില്ല. ”നിര്‍ഭയം നേര് അറിയിക്കാന്‍ മാത്രമല്ല” ”നേര് അറിയിക്കാതിരിക്കാനും” മാധ്യമങ്ങള്‍ മത്സരിക്കുന്നില്ലേ?. സിപിഐ(എം) നേതാക്കളെ തിരഞ്ഞുപിടിച്ചും വളഞ്ഞിട്ടാക്രമിക്കുകയും ചിത്രവധം മാധ്യമ പ്രവര്‍ത്തനമെന്ന മഹത്തായ കര്‍മ്മത്തെ ജുഗുപ്‌സാവഹം ചെയ്തിട്ടുള്ളവര്‍ ഇനിയെങ്കിലും ആത്മപരിശോധനയ്ക്കു തയ്യാറാകുമോ എന്നും സമ്പത്ത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം മത്സരിച്ച് അങ്ങേയറ്റത്തെ ക്രൂരയതോടെ രണ്ടു പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി വേട്ടയാടിയ ഒരു രാഷ്ട്രീയ നേതാവേയുള്ളൂ, ആ മനുഷ്യന്റെ പേര് പിണറായി വിജയന്‍ എന്നാണ്.

ബിജെപിയും യുഡിഎഫും ഉം മാത്രമല്ല, ‘ഇലക്ഷന്‍ ഡ്യൂട്ടി’യ്ക്കായി വന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ദാസ്യവേലയും വ്യവസ്ഥാപിത മാധ്യമങ്ങളുടെയും ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്‌പോണ്‍സേര്‍ഡ് അജണ്ടകളേയും അതിജീവിച്ച നേതൃത്വം. മാധ്യമ ചക്രവര്‍ത്തിമാരും ഓര്‍ക്കുക, ജനങ്ങളാണ് വലുത്. കാവിപ്പടയ്ക്കു വേണ്ടിയുള്ള കര്‍സേവ അല്ല. സമ്പത്ത് കുറിച്ചു.

പൊതുപ്രവര്‍ത്തകരേയും ജനപ്രതിനിധികളേയും സമൂഹത്തെയാകെയും പോരായ്മകളും പിഴവുകളും ചൂണ്ടിക്കാണിക്കുവാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും മാധ്യമങ്ങള്‍ പോലെ മറ്റൊരു വേദിയില്ല. എന്നാല്‍ വ്യവസ്ഥാപിത മാധ്യമങ്ങളുടെ കെട്ടുപാടുകളില്ലാതെ, ഉത്തരവാദ രാഹിത്യത്തിന്റെ ഉത്തുംഗശൃംഗങ്ങളായി മാറിയിട്ടുണ്ട് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും.

വ്യാജ അക്കൗണ്ടുകളും, മറ്റൊരാള്‍ കേള്‍ക്കേ വായിക്കാന്‍ കൊള്ളാത്തതുമായ മലീമസമായ ഭാഷയിലെ ചില ഞരമ്പു രോഗികളുടെ അവതരണവും ഭാവഹാവാദികളും, ചില പഴയകാല പൊതുശൗച്യാലയങ്ങളിലെ ചുമരുകളെ പോലും ലജ്ജിപ്പിക്കും. ഇതിനെല്ലാം നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒട്ടുമിക്കവരും പോകാത്തത്- സഞ്ചരിക്കുന്ന വഴിയില്‍ കാക്ക കാഷ്ഠിച്ചതു കൊണ്ട് അതിനെ കാഷ്ഠിച്ചു തോല്‍പ്പിക്കാന്‍ ആരും പോകാത്തത് കാക്കയുടെ മിടുക്ക് കൊണ്ടല്ല; മനുഷ്യന് നേരം കളയാനില്ലാഞ്ഞിട്ടാണ്. എന്നാല്‍ വേട്ടയ്ക്കിറങ്ങിയവര്‍ക്ക് മുറിവേല്‍ക്കുമ്പോഴാണല്ലോ അവര്‍ ഇരയായി വേട്ടയാടിയ ജീവിയുടെ വേദനയും അറിഞ്ഞത്. എല്ലാവര്‍ക്കും ജീവനും മാനവും വലുതാണ്.

ഇല്ലാത്ത കാര്യങ്ങളുടെ വല്ലാത്ത കഥകള്‍, നട്ടാല്‍ കുരുക്കാത്ത നുണകള്‍-കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ വാരി വിതറുമ്പോള്‍ ചിലര്‍ക്കെങ്കിലും തെറ്റുധാരണയുണ്ടാകാം തങ്ങള്‍ പരിശ്രമിക്കുന്നതു കൊണ്ടാണ് നാളെ നേരം പുലരുന്നതെന്ന്. മലയാളി മനസ്സുകളില്‍ മാധ്യമങ്ങള്‍ക്ക് സ്ഥാനം നേടിക്കൊടുത്തത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുള്‍പ്പെടെയുള്ള ധീരരായ പത്രാധിപര്‍മാരുടെ ക്ലേശകരമായ ജീവിത യാത്രകളാണ്.

നമ്മുടെ മാധ്യമ രംഗത്തെ കുലപതിയായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ ”വൃത്താന്ത പത്രപ്രവര്‍ത്തനം” ഉള്‍പ്പെടെയുള്ള എത്ര കൃതികള്‍ നമ്മുടെ മാധ്യമ ചങ്ങാതിമാര്‍ ഒരിക്കലെങ്കിലും മനസ്സിരുത്തി വായിച്ചിട്ടുണ്ടാകും? വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പലതും ”സ്റ്റോറി”കളായി തീരുകയും, പല ടെലിവിഷന്‍ സംവാദങ്ങളും വെറും തര്‍ക്കങ്ങളുടെ ”ഷോ”കളായി അധഃപതിക്കുകയും ചെയ്യാനാരംഭിച്ചത് ഇന്നും ഇന്നലെയൊന്നുമല്ല എന്നത് ശരിയാണെന്നും സമ്പത്ത് കുറിച്ചു.

എ. സമ്പത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാധ്യമങ്ങള്ക്കും വേണ്ടേ വിചാരണ?
ഡോ.എ.സമ്പത്ത്
1957 ലെ പ്രഥമ ഇ.എം.എസ്. ഗവണ്മെന്റ് ഇന്ത്യയില് തന്നെ സമൂലമായ മാറ്റങ്ങള്ക്കാണ്, ഒരു സംസ്ഥാന ഗവണ്മെന്റിന്റെ പരിമിതമായ, ഭരണഘടനാദത്തമായ അധികാര അവകാശങ്ങള് ഉപയോഗിച്ചു കൊണ്ട് തുടക്കം കുറിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ സ്വതന്ത്ര്യ പ്രക്ഷോഭ കാലത്തു തന്നെ ഇന്ത്യന് നാഷണല് കോണ്ഗ്രസ്സ് എന്ന മഹാസംഘടന മുന്നോട്ടു വെച്ചിരുന്ന പല ജനകീയ മുദ്രാവാക്യങ്ങളും നടപ്പാക്കാന് ആരംഭിച്ചത് മറ്റു പല രാഷ്ട്രീയ പാര്ട്ടികളുടേയും വിശിഷ്യാ, കേരളത്തില് കമ്യൂണിസ്റ്റ് പാര്ട്ടിയുടെയും ജമ്മു-കാശ്മീരില് ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല് കോണ്ഫറന്സ് ഉള്പ്പെടെയുള്ള വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന സര്ക്കാരുകളായിരുന്നു.
ഇവയിലൊട്ടു മിക്കതും അന്നും നിലവിലുണ്ടായിരുന്ന ജന്മി-നാടുവാഴിത്ത-സവര്ണാധിപത്യ-നിക്ഷിപ്ത താല്പര്യക്കാര്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. സാമൂഹിക രംഗത്ത് പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടുകള് കൈക്കൊണ്ട ചില സാമുദായിക സംഘടനകളും, നേതാക്കളും, മാധ്യമങ്ങളും, സര്ക്കാര് സര്വീസിലെ തന്നെ നല്ലൊരു വിഭാഗവും അത്തരം സര്ക്കാരുകള്ക്കെതിരായി കടുത്ത ശത്രുതാപരമായ നിലപാടാണ് കൈക്കൊണ്ടിരുന്നത്; പ്രത്യേകിച്ചും ജനകീയ സ്വഭാവം മുഖമുദ്രയാക്കിയ പുരോഗമന രാഷ്ട്രീയ നിലപാടുകളെ.
ഇന്ത്യയുടെ സ്വതന്ത്ര്യ പ്രക്ഷോഭത്തില് യാതൊരു പങ്കും വഹിക്കാത്തവരും, ദ്വിരാഷ്ട്രവാദത്തെ ആളിക്കത്തിക്കുക മാത്രം ചെയ്തവരുമായ RSS ആകട്ടേ അക്കാലത്തെ എല്ലാ പുരോഗമനപരമായ നിലപാടുകളേയും എതിര്ത്തു പോന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായ കോണ്ഗ്രസ്സിനകത്തായിരുന്നു RSS പ്രവര്ത്തിച്ചിരുന്നത് എന്നും ഓര്ക്കണം. കോണ്ഗ്രസ്സ് എന്ന രാഷ്ട്രീയ സംഘടനയുടെ സമസ്ത അവയവങ്ങളിലേയ്ക്കും- പാദം മുതല് തലച്ചോര് വരെ അവര് എങ്ങനെയാണ് നിയന്ത്രിച്ചിരുന്നതെന്ന് അക്കാലത്തെ രാഷ്‌ട്രീയ ചരിത്രം പഠിക്കുന്നവര്ക്ക് മനസ്സിലാകും.
ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ്, SNDP യോഗത്തിന്റെ ഒരു വാര്ഷിക സമ്മേളന യോഗത്തിലെ മുഖ്യാതിഥിയായി പങ്കെടുത്ത മദന്മോഹന് മാളവ്യ അവര്ണരുടെ സമ്മേളനത്തില് പങ്കെടുക്കാന് പോകുന്നതു കൊണ്ട് ഗംഗാജലവുമായി വന്നതും, പ്രസംഗം തീര്ന്നപ്പോള് ”ജയ് സിയാറാം” എന്ന് രണ്ടു തവണ വിളിച്ചിട്ടും ആരും ഏറ്റുവിളിക്കാത്തതും മൂന്നാമതും അവസാനവുമായി കോപത്തോടെ മുഷ്ടി ചുരുട്ടി മേശയില് ഇടിച്ചുകൊണ്ട് വീണ്ടും ആക്രോശിച്ചപ്പോള്, പ്രസംഗം കേട്ടിരുന്നവര് ”ജയ് രാവണാ” എന്ന് മുഴക്കിയതും രണ്ട് തലമുറ മുമ്പുള്ള ഒരു സംഭവമായതു കൊണ്ട് ഇന്നത്തെ മാധ്യമ മുറികളിലെ ‘സര്വ്വജ്ഞാനി’കളായി ചമയുന്ന പല സുഹൃത്തുക്കള്ക്കും മാത്രമല്ല, സാമൂഹിക നീതിയെക്കുറിച്ചും പുരോഗമന ആശയങ്ങളെക്കുറിച്ചും ഉദ്ബോദിപ്പിക്കുകയും മാമൂലുകളുടെ മാറാലകള് മനുഷ്യ മനസ്സുകളില് നെയ്തിടുകയും ചെയ്യുന്ന ചില സാമൂഹിക സംഘടനകളുടെ നേതാക്കന്മാരും മറന്നു(?) പോകുന്നുവെങ്കില് അത് ചരിത്രത്തോടു മാത്രമല്ല തങ്ങള് ജീവിക്കുന്ന കാലത്തോടും കാട്ടുന്ന നീതികേടാണെന്ന് പറയാതെ വയ്യ. പത്രാധിപര് സുകുമാരന്റെ കാലത്തെ കേരളകൗമുദി ദിനപ്പത്രവും, ചിറയിന്കീഴ് ലോക്സഭാ മണ്ഡലത്തില് നിന്ന് രണ്ടുതവണ M.P.യായ M.K.കുമാരന്റെ ലേഖനങ്ങളും നമ്മെ ഓര്മ്മപ്പെടുത്തുന്നത് എല്ലാവര്ക്കും സുഖകരമായ സത്യങ്ങള് ആകണമെന്നില്ല.
ഓരോ നാടിന്റെയും, പ്രദേശത്തിന്റെയും, ദേശത്തിന്റെയും വ്യത്യസ്തതകളും വൈവിധ്യങ്ങളും വൈജാത്യമാര്ന്നതാണ്; ചിലപ്പോഴൊക്കെ വൈരുദ്ധ്യം തോന്നിപ്പിക്കുന്നവയും. ഒരു പൂന്തോട്ടത്തിലെ കൂറ്റന് മരങ്ങളും, ഫല വൃക്ഷങ്ങളും, പൂച്ചെടികളും, വള്ളികളും പുല്ക്കൊടികളും ആ വൃക്ഷലതാദികളിലെ പൂമ്പാറ്റകളും തേനീച്ചകളും പക്ഷികളും- ഉറുമ്പു മുതല് പരുന്ത് വരെ എല്ലാം ചേരുമ്പോഴാണ് അതിന്റെ മനോഹാരിത പൂര്ണ്ണമാകുന്നത്. വര്ണ്ണങ്ങളിലും വലുപ്പത്തിലും സൗരഭ്യത്തിലും സ്വഭാവത്തിലും അവയുടെ തനത് സ്വത്വം നിലനിര്ത്തുമ്പോഴും അവ പരസ്പര പൂരകമത്രേ! ഇതാണ് ഇന്ത്യയെന്ന നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകതയെന്ന് അംഗീകരിക്കാന് ഒരിക്കലും തയ്യാറല്ലാതെ ഏകശിലാ ഖണ്ഠം പോലെ, അഖണ്ഡ സാമ്രാജ്യ സ്വപ്നങ്ങളുടെ വിത്തുകള് മിത്തുകളില് നിന്ന് പറിച്ചെടുത്ത് വിതറി നടക്കുന്നവര് കോടിക്കണക്കിനു മനുഷ്യരുടെ മനസ്സുകളില് സംശയവും വിദ്വേഷവും ഭീതിയും മാത്രമാണ് പടര്ത്തുക. ജീവിതമെന്നത് പച്ചയായ യാഥാര്ത്ഥ്യവും ഐതിഹ്യങ്ങളും കഥകളും സ്വപ്നലോകങ്ങള് സമ്മാനിക്കുന്നത് മാത്രമാണെന്നും ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയുടെ കാലത്തും ഉള്ക്കൊള്ളാന് കഴിയാത്തവര് തന്നോടും മറ്റുള്ളവരോടും എത്ര വലിയ വഞ്ചനയാണ് കാട്ടുന്നത്?
1959 ല് വിമോചന സമരമെന്ന ”ഉറഞ്ഞു തുള്ളല്” ആരംഭിക്കുന്നതിനു മുമ്പുതന്നെ രണ്ട് MLA മാരെ വിലയ്ക്കെടുക്കാന് (ഇന്ന് കോടികള് മതിക്കുന്ന) പണമെറിഞ്ഞതും കേരളത്തിന് മറക്കാതിരിക്കാം. രാജ്ഭവനുകള് കുടില ചിന്തകളുടെ ഹസ്തിനപുരിയായി മാറിയതും മറക്കാതിരിക്കാം. ”കമ്യൂണിസ്റ്റുകാര് ജയിക്കില്ല, ജയിച്ചാലും ഭരിക്കില്ല” എന്ന മുദ്രാവാക്യം കേരളത്തിലെ പ്രഥമ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പൊട്ടിച്ച ഒരു വെടിയായിരുന്നു. ഇന്ത്യയ്ക്ക് രാഷ്ട്രീയ അപചയങ്ങളുടേയും കോടികളുടെ കള്ളപ്പണം ഒഴുകുന്ന കുതിരക്കച്ചവടങ്ങളുടേയും (കുതിര ക്ഷമിക്കട്ടേ) തുടക്കം കുറിച്ചത് ഇന്ത്യന് ഭരണഘടനയുടെ അനുച്ഛേദം 356 ദുരുപയോഗം ചെയ്തുകൊണ്ട് ഇന്ദിരാ ഗാന്ധിയുടെ ആശീര്വാദത്തോടെ ഒരു ഭൂതത്തെ കുടത്തില് നിന്ന് തുറന്നു വിട്ടുകൊണ്ടായിരുന്നു. അര നൂറ്റാണ്ട് കാലം കൊണ്ട് ഒരുനൂറിലേറെ സംസ്ഥാന സര്ക്കാരുകളുടെ ‘തലയരി’യലുകളാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ-ഫെഡറല് സംവിധാനത്തില് താണ്ഡവമാടിയത്. S.R.ബൊമ്മൈ കേസിലെ സുപ്രീം കോടതി വിധിയാണ് സഭയില് ഭൂരിപക്ഷമുള്ള സംസ്ഥാന സര്ക്കാരുകള്ക്കു നേരെയുള്ള യൂണിയന് ഗവണ്മെന്റിന്റെ ചാട്ടുളി പ്രയോഗങ്ങള്ക്ക് വിധേയമാകുന്നതില് നിന്ന് ഒരു പരിധി വരെ നിയമപരിരക്ഷ നല്കിയത്.
ഇന്ത്യയില് അമേരിക്കന് അംബാസിഡറായിരുന്ന മുന് ഡെമോക്രാറ്റിക് സെനറ്റര് ഡാനിയല് പാട്രിക് മൊയ്നിഹാന് ഇന്ത്യയിലെ രാഷ്ട്രീയ അട്ടിമറികള്ക്കായി അമേരിക്കന് പണം രണ്ടുതവണ ഒഴുക്കിയതിനെക്കുറിച്ച് ”എ ഡെയ്ഞ്ചറസ് പ്ലേസ്” എന്ന തന്റെ പുസ്തകത്തില് പ്രതിപാദിക്കുന്നുണ്ട്. ഒരു തവണ കേരളത്തിലേയ്ക്കും മറ്റൊരു തവണ പശ്ചിമ ബംഗാളിലേയ്ക്കും ആയിരുന്നു അത്. കേരളത്തില് CIA യുടെ പണം കൈപ്പറ്റിയതിനെ കുറിച്ച് അറിവുണ്ടായിരുന്ന ചിലര് പിന്നീട് ‘കുമ്പസാരം’ നടത്തുകയുമുണ്ടായി. വിമോചന സമരകാലത്തെ ”MRA” എന്ന ദുരൂഹമായ അന്തര്ദേശീയ സംഘടനയുടെ ഇന്ത്യന് ഇടപെടലുകളും മാധ്യമ ബന്ധങ്ങളും ഒടുവില് സ്വിറ്റ്സര്ലണ്ടിലെ വിവാദമായ സമ്മേളനവും ഇന്ന് പലര്ക്കും ഓര്ക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാവാം. കമ്യൂണിസ്റ്റ് നേതാക്കളെ ജാതി പറഞ്ഞാക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും അന്ന് കാട്ടിയിരുന്ന അതേ മാനസിക വൈകൃതം അറുപത് കൊല്ലങ്ങള്ക്കു ശേഷവും, അടുത്ത തലമുറയുടെ തലച്ചോറിലും അര്ബുദത്തിന്റെ ഇത്തിള്കണ്ണികള് പോലെ വേരുപിടിച്ചിരിക്കുന്നുവെന്നത് കണ്ട് ലക്ഷക്കണക്കിന് ടിവി പ്രേക്ഷകരും പത്ര വായനക്കാരും ഞെട്ടിപ്പോയി.
പലപ്പോഴും നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വിധേയരല്ലാത്തവരേയും, അവരുടെ പങ്ക് പറ്റാത്തവരേയും നുണപ്രചരണങ്ങളിലൂടെ വരുതിയിലാക്കാനും, അല്ലായെങ്കില് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനും വലിയ പരിശ്രമങ്ങളാണ് നടക്കാറുള്ളത്. അതുമല്ലായെങ്കില് പ്രചണ്ഡമായ പ്രചരണ പേമാരികളുടെ മുന്നില് ഇതി:കര്ത്തവ്യമൂഢരായി പലരും കുഴങ്ങിപ്പോകും. 1947-48 കാലത്ത് ”ഗാന്ധിയെ മരിക്കാന് അനുവദിക്കൂ” എന്ന് വിളംബരം ചെയ്തവരുടെ ‘കാര്യനിര്വ്വഹണ’ക്കാര് അതിനുമുമ്പ് മൂന്നു തവണയെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്താന് പരിശ്രമിച്ചിരുന്നു- കത്തിയുടേയും ബോംബിന്റെയും വെടിയുണ്ടയുടേയും രൂപത്തില്. ”ഗാന്ധി എന്താക്കി? മാന്തി പുണ്ണാക്കി” എന്ന് എഴുതിയവര് പില്ക്കാലത്ത് ഇന്ത്യന് ഭരണഘടനയെത്തന്നെ അട്ടിമറിക്കലാണ് നിയമസഭയില് ഭൂരിപക്ഷമുള്ള സര്ക്കാരിനെ പിരിച്ചുവിടുന്നതിലൂടെ സംഭവിക്കുകയെന്ന് അറിയാതെയല്ലല്ലോ 1959 ല് ജവഹര്ലാല് നെഹ്റുവിന് മനസ്സിലാകാന് വേണ്ടി മാത്രം എഡിറ്റോറിയല് തന്നെ ഇംഗ്ലീഷിലാക്കി പത്രം അച്ചടിച്ച് രാജ്ഭവനില് എത്തിച്ചുകൊടുത്തത്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിനെതിരായി പൊതുവിലും, സിപിഐ(എം) നേതാക്കളെ തിരഞ്ഞുപിടിച്ചും വളഞ്ഞിട്ടാക്രമിക്കുകയും ചിത്രവധം ചെയ്യുന്നതു പോലെ, വ്യക്തിഹത്യയുടെ പരമ കാഷ്ഠയിലേയ്ക്ക് മാധ്യമ പ്രവര്ത്തനമെന്ന മഹത്തായ കര്മ്മത്തെ ജുഗുപ്സാവഹം ചെയ്തിട്ടുള്ളവര് ഇനിയെങ്കിലും ആത്മപരിശോധനയ്ക്കു തയ്യാറാകുമോ? എല്ലാ മാധ്യമങ്ങള്ക്കും രാഷ്ട്രീയമോ സാമുദായികമോ വ്യവസായ വാണിജ്യ പരമായോയുള്ള ചായ് വുകള് നിസ്തര്ക്കമാണ്. ടെലിവിഷന്റെ മുന്നിലിരിക്കുന്ന കൊച്ചുകുട്ടി മുതല് നിവര്ത്തിപ്പിടിച്ച് പത്രം വായിക്കുന്ന കട്ടിക്കണ്ണടക്കാരി മുത്തശ്ശിക്കു വരെ അത് തിരിച്ചറിയാനാകും. ”മാധ്യമങ്ങളുടെ നിഷ്പക്ഷത” കച്ചമുറുക്കിയ കപടത മാത്രമാണ് എന്ന് ഇക്കാലത്ത് ആരെയും പഠിപ്പിക്കേണ്ടതില്ല. ”നിര്ഭയം നേര് അറിയിക്കാന് മാത്രമല്ല” ”നേര് അറിയിക്കാതിരിക്കാനും” മാധ്യമങ്ങള് മത്സരിക്കുന്നില്ലേ?
ഇന്ത്യന് രാഷ്ട്രീയത്തില് കോണ്ഗ്രസ്സും ബിജെപിയും പരസ്പരം മത്സരിച്ച് അങ്ങേയറ്റത്തെ ക്രൂരയതോടെ രണ്ടു പതിറ്റാണ്ടിലേറെക്കാലം തുടര്ച്ചയായി വേട്ടയാടിയ ഒരു രാഷ്ട്രീയ നേതാവേയുള്ളൂ, ആ മനുഷ്യന്റെ പേര് പിണറായി വിജയന് എന്നാണ്. വെല്ലുവിളികള് നിറഞ്ഞ ഒരു കാലത്ത് കേരളീയര്ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്ന്നു നല്കിയ LDF ഗവണ്മെന്റിന്റെ ഭരണത്തുടര്ച്ചയിലൂടെ ഒരു പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുക കൂടിയായിരുന്നു അദ്ദേഹം. ബിജെപിയും UDF ഉം മാത്രമല്ല, ‘ഇലക്ഷന് ഡ്യൂട്ടി’യ്ക്കായി വന്ന കേന്ദ്ര അന്വേഷണ ഏജന്സികളുടെ രാഷ്ട്രീയ ദാസ്യവേലയും വ്യവസ്ഥാപിത മാധ്യമങ്ങളുടെയും ചില സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്പോണ്സേര്ഡ് അജണ്ടകളേയും അതിജീവിച്ച നേതൃത്വം. മാധ്യമ ചക്രവര്ത്തിമാരും ഓര്ക്കുക, ജനങ്ങളാണ് വലുത്; കാവിപ്പടയ്ക്കു വേണ്ടിയുള്ള കര്സേവ അല്ല.
അഞ്ചു വര്ഷങ്ങള്ക്കു മുമ്പ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള് മാത്രമല്ല അതിനു മുമ്പും മാധ്യമ സിന്ഡിക്കേറ്റിന്റെ വ്യക്തിഹത്യയ്ക്ക് അതിക്രൂരമായി വിധേയമാക്കപ്പെട്ടിട്ടുള്ളവരാണ് നിരവധി ഇടതുപക്ഷ നേതാക്കന്മാര്. എന്നാല്, അവരുടെ കുടുംബാഗംങ്ങളെ പോലും വേട്ടയാടുന്നത്, ഒരു വേട്ടനായയുടെ ലഹരിയോടെ ചില മാധ്യമങ്ങള് ഏറ്റെടുത്തു തുടങ്ങിയത് രണ്ടു പതിറ്റാണ്ട് മുമ്പാണ്. പത്രം വായിക്കാനറിയാത്ത കൊച്ചുകുട്ടികളെ വരെ തങ്ങളുടെ ”കാമറാ വിചാരണ”കള്ക്ക് വിധേയമാക്കുന്നത് ഒരര്ത്ഥത്തില് കുറ്റകൃത്യമാണ്.
ഒരാള് കുറ്റവാളിയാണോയെന്ന് അന്തിമമായി വിധി പറയേണ്ടത് പത്രങ്ങളോ പോലീസോ പൊതുസമൂഹമോ അല്ല; ജുഡീഷ്യറിയാണ്. ഒരാള് ശിക്ഷിക്കപ്പെട്ടാല് ശിക്ഷാ കാലാവധിയ്ക്കു ശേഷവും അയാള് പ്രതിയല്ല താനും. എന്നാല്, പ്രഥമ വിവര റിപ്പോര്ട്ടും (FIR), കുറ്റപത്രവും (ചാര്ജ് ഷീറ്റ്), അപ്പീലും, റിവ്യൂകളും, റിവിഷനും പോലുള്ള നിയമസംബന്ധിയായ കാര്യങ്ങളിലെ തങ്ങളുടെ അജ്ഞത ചില ‘മാധ്യമമുറികളിലെ കോട്ടിട്ട ജഡ്ജിമാര്‘ പ്രേക്ഷകര്ക്കു മുമ്പില് ആവേശത്തോടെ അതിതീവ്രമായി വാരിവിതറിക്കൊണ്ടിരുന്നത് പ്രത്യേകിച്ചും ഇക്കഴിഞ്ഞ ഒരു കൊല്ലം നമ്മള് കണ്ടതാണ്. രാക്ഷസച്ചിലന്തി വല നെയ്യുന്നത് പോലെ തുടരെത്തുടരെ വലക്കണ്ണികള് നെയ്ത് വിഷം ചീറ്റിക്കൊണ്ടിരുന്നവരെ മറക്കുകയെന്നത് എളുപ്പമല്ല.
പൊതുപ്രവര്ത്തകരേയും ജനപ്രതിനിധികളേയും സമൂഹത്തെയാകെയും പോരായ്മകളും പിഴവുകളും ചൂണ്ടിക്കാണിക്കുവാനും വിമര്ശനങ്ങള് ഉന്നയിക്കാനും മാധ്യമങ്ങള് പോലെ മറ്റൊരു വേദിയില്ല. എന്നാല് വ്യവസ്ഥാപിത മാധ്യമങ്ങളുടെ കെട്ടുപാടുകളില്ലാതെ, ഉത്തരവാദ രാഹിത്യത്തിന്റെ ഉത്തുംഗശൃംഗങ്ങളായി മാറിയിട്ടുണ്ട് പല സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളും. വ്യാജ അക്കൗണ്ടുകളും, മറ്റൊരാള് കേള്ക്കേ വായിക്കാന് കൊള്ളാത്തതുമായ മലീമസമായ ഭാഷയിലെ ചില ഞരമ്പു രോഗികളുടെ അവതരണവും ഭാവഹാവാദികളും, ചില പഴയകാല പൊതുശൗച്യാലയങ്ങളിലെ ചുമരുകളെ പോലും ലജ്ജിപ്പിക്കും. ഇതിനെല്ലാം നിയമനടപടികള് സ്വീകരിക്കാന് ഒട്ടുമിക്കവരും പോകാത്തത്- സഞ്ചരിക്കുന്ന വഴിയില് കാക്ക കാഷ്ഠിച്ചതു കൊണ്ട് അതിനെ കാഷ്ഠിച്ചു തോല്പ്പിക്കാന് ആരും പോകാത്തത് കാക്കയുടെ മിടുക്ക് കൊണ്ടല്ല; മനുഷ്യന് നേരം കളയാനില്ലാഞ്ഞിട്ടാണ്. എന്നാല് വേട്ടയ്ക്കിറങ്ങിയവര്ക്ക് മുറിവേല്ക്കുമ്പോഴാണല്ലോ അവര് ഇരയായി വേട്ടയാടിയ ജീവിയുടെ വേദനയും അറിഞ്ഞത്. എല്ലാവര്ക്കും ജീവനും മാനവും വലുതാണ്.
ഇല്ലാത്ത കാര്യങ്ങളുടെ വല്ലാത്ത കഥകള്, നട്ടാല് കുരുക്കാത്ത നുണകള്-കേട്ടാല് അറയ്ക്കുന്ന ഭാഷയില് വാരി വിതറുമ്പോള് ചിലര്ക്കെങ്കിലും തെറ്റുധാരണയുണ്ടാകാം തങ്ങള് പരിശ്രമിക്കുന്നതു കൊണ്ടാണ് നാളെ നേരം പുലരുന്നതെന്ന്. മലയാളി മനസ്സുകളില് മാധ്യമങ്ങള്ക്ക് സ്ഥാനം നേടിക്കൊടുത്തത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുള്പ്പെടെയുള്ള ധീരരായ പത്രാധിപര്മാരുടെ ക്ലേശകരമായ ജീവിത യാത്രകളാണ്. നമ്മുടെ മാധ്യമ രംഗത്തെ കുലപതിയായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ ”വൃത്താന്ത പത്രപ്രവര്ത്തനം” ഉള്പ്പെടെയുള്ള എത്ര കൃതികള് നമ്മുടെ മാധ്യമ ചങ്ങാതിമാര് ഒരിക്കലെങ്കിലും മനസ്സിരുത്തി വായിച്ചിട്ടുണ്ടാകും? വാര്ത്താ റിപ്പോര്ട്ടുകള് പലതും ”സ്റ്റോറി”കളായി തീരുകയും, പല ടെലിവിഷന് സംവാദങ്ങളും വെറും തര്ക്കങ്ങളുടെ ”ഷോ”കളായി അധഃപതിക്കുകയും ചെയ്യാനാരംഭിച്ചത് ഇന്നും ഇന്നലെയൊന്നുമല്ല എന്നത് ശരിയാണ്. പ്രൊഫ.സുകുമാര് അഴീക്കോട് മാധ്യമ ധര്മ്മത്തെക്കുറിച്ച് പലപ്പോഴും ഓര്മ്മിപ്പിച്ചിട്ടുള്ളതും നമുക്ക് മറക്കാതിരിക്കാം. 1985 നവംബര് 18 ന് തിരുവനന്തപുരത്തു വെച്ച് പത്രപ്രവര്ത്തക യൂണിയന്റെ ആഭിമുഖ്യത്തില് ചെയ്ത കേസരി സ്മാരക പ്രഭാഷണം ഇത്തരുണത്തില് ശ്രദ്ധേയമാണ്.
വമ്പന് തുകയ്ക്കുള്ള പരസ്യങ്ങള് നല്കുന്ന ഒരു സ്ഥാപനം പിണങ്ങുമെന്നതു കൊണ്ട്, പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹിത്യകൃതി വഴിയില് വെച്ചു മുടക്കുന്നു. സെക്രട്ടേറിയേറ്റിലെ ഒരു മുറിയില് വൈദ്യുതി ഷോര്ട്ട് സര്ക്യൂട്ടിനെ തുടര്ന്ന് തീ പിടിച്ച സംഭവത്തെ ”തലസ്ഥാനം കത്തി” എന്ന് ഒന്നാം പുറത്ത് മത്തങ്ങ നിരത്തി സ്വന്തം മനസ്സിന്റെ വൈകൃതം വെളിപ്പെടുത്തി ഒരു കൂട്ടര് നിര്വൃതിയടഞ്ഞു. ചിലര്ക്കാകട്ടേ, എന്നും തൊഴിലാളികളും കര്ഷകത്തൊഴിലാളികളും അശ്രീകരങ്ങളാണ്. ഒരു കാലത്ത് വയലേലകള് നികത്തുന്നതിനെതിരെയും തണ്ണീര്ത്തടങ്ങളെ കൊന്നു തള്ളുന്നതിനെതിരെയും ജലസ്രോതസ്സുകളെ ഭ്രൂണഹത്യ ചെയ്യുന്നതിനെതിരെയും കേരളത്തിലെ കര്ഷക തൊഴിലാളി പ്രസ്ഥാനം പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള് പടര്ത്തിയപ്പോള് അതിനെ ”വെട്ടിനിരത്തല് സമര”മായി വ്യാഖ്യാനിച്ച് കര്ഷക മനസ്സുകളില് ഭീതിയുണര്ത്താനാഗ്രഹിച്ചവര് ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും വല്ലാത്ത ”പരിസ്ഥിതി പ്രേമി”കളായി മാറിയ കാഴ്ച്ചക്കും ഈ കേരളം തന്നെ സാക്ഷി! ചുമട്ടു തൊഴിലാളികളേയും കൂലിവേലക്കാരേയും സമൂഹ മനസ്സില് സാമൂഹ്യ വിരുദ്ധരായി ചിത്രീകരിക്കാന് കൊണ്ടുപിടിച്ച് ശ്രമം നടത്തിയവര്– പ്രളയകാലത്ത് ഉദ്യോഗസ്ഥരെ കാത്തുനില്ക്കാതെ തന്റെ സഹജീവികള്ക്ക് സഹായമെത്തിക്കാന് മുന്നിട്ടറിങ്ങിയ ഓമനക്കുട്ടനെ കള്ളനായി ചിത്രീകരിക്കാന് ന്യൂസ് റൂമുകളിലിരുന്ന് കഥ മെനഞ്ഞവര്-ഈ കോവിഡ് കാലത്തും ഒരു രൂപാ പോലും കൂലി വാങ്ങാതെ പെരുമഴയത്തും അര്ദ്ധരാത്രിയിലും ഓക്സിജന് സിലിണ്ടറുകളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും കയറ്റിയിറക്ക് നടത്തുന്ന ചുമട്ടു തൊഴിലാളികളെ കാണാതെ പോകുന്നത് സ്വാഭാവികം മാത്രം!
നീതിന്യായ സമ്പ്രദായത്തിന്റെ നെടുംതൂണുകള് കോടതികളാണ്.
വിചാരണകള് നടക്കേണ്ടതും തെളിവുകള് ഹാജരാക്കേണ്ടതും വാദങ്ങളും പ്രതിവാദങ്ങളും നടക്കേണ്ടതും വിധി പറയേണ്ടതും കോടതികളിലാണ്. സ്റ്റുഡിയോയും കാമറയും കൈയ്യിലുള്ളതു കൊണ്ട് തങ്ങളും കോട്ടിട്ടാല് ജഡ്ജിമാരാകുമെന്ന് ചില ‘ടിവി ആംഗര്‘മാര്ക്ക് അതിമോഹമോ അഹങ്കാരമോ ഉണ്ടായിട്ടുണ്ടോയെന്ന് അവര് തന്നെ പരിശോധിക്കട്ടെ. ”മാധ്യമ വിചാരണകള്” അനുവദിക്കാനാവില്ലായെന്ന് പലതവണ ബഹു.ഹൈക്കോടതിയുള്പ്പെടെ നിര്ദ്ദേശിക്കുമ്പോഴും ചാനല് ചര്ച്ചകളിലെ ആക്രോശങ്ങളും അപവാദങ്ങളും മുറതെറ്റാതെ നടക്കുകയായിരുന്നല്ലോ? മാന്യമായ ടെലിവിഷന് ചര്ച്ചകള്ക്കു പകരം ചൂടും പുകയും വെല്ലുവിളികളും നിറഞ്ഞ, പലപ്പോഴും സഭ്യതയുടെ സീമകള് പോലും ലംഘിക്കുന്ന നിലയില് തരംതാണ ചര്ച്ചകള്ക്കു തുടക്കം കുറിച്ച വിവാദ മാധ്യമപ്രവര്ത്തകന് ആ ‘ഇംഗ്ലീഷ് ചാനലി’ല് നിന്നും നീന്തിക്കയറിയത് NDA യുടെ കേരളത്തിന്റെ ചുമതലയുള്ള ഒരു രാജ്യസഭാംഗത്തിനു കൂടി പങ്കാളിത്തമുള്ള (പുതിതായി തുടങ്ങിയ) മറ്റൊരു ആംഗലേയ ചാനലിന്റെ തലപ്പത്തേയ്ക്കായിരുന്നു. ചില ദേശീയ ഇംഗ്ലീഷ് ചാനലുകളുടേയും പ്രമുഖ മലയാളം ചാനലുകളുടേയും ടിവി സംവാദങ്ങള് ‘സബോട്ടാഷ്’ ചെയ്യുന്നതിനുള്ള കുതന്ത്രങ്ങള് പോലും അവര് നടത്തിയിരുന്നതിന്റെ അനുഭവസ്ഥനാണ് ഞാനെന്നതു കൊണ്ടു തന്നെയാണ് ഇതെഴുതിയത്.
മാധ്യമ രംഗത്തെ കുത്തക അഭിനിവേശവും, സിന്ഡിക്കേറ്റുകളും കിടമത്സരങ്ങളും ‘ക്രോസ് ഓണര്ഷിപ്പു’കളും ഇന്നൊരു രഹസ്യമല്ല. അപ്പോഴും തങ്ങളാണ് ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അവര്ക്കഭിമാനിക്കാന് ഇടവരട്ടേ. വിജ്ഞാനത്തിനും വിവേകത്തിനും പകരം വായനക്കാരുടെ വികാരത്തള്ളിച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പല മാധ്യമങ്ങളും പറയാതെ പറഞ്ഞു വെയ്ക്കുകയാണ്. ”Indian Express is not an industry, it is a mission” എന്നു റാംനാഥ് ഗോയങ്ക പ്രഖ്യാപിച്ച കാലത്ത് ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളുടെ ‘തള്ളല്‘ ഉണ്ടായിരുന്നില്ല. വായിക്കുന്നതിനേക്കാള് ”കാണുന്നതാണ് സത്യ”മെന്ന് പൊതുവേ ധരിച്ചുവശായിട്ടുണ്ട് പലരും. എന്നാല് കണ്ണുകള് കള്ളം പറഞ്ഞില്ലെങ്കിലും കണ്ണുകള്ക്കു മുന്നില് കള്ളത്തരം എഴുന്നള്ളിക്കുന്നത് മാത്രമല്ല, വസ്തുതകള് വളച്ചൊടിക്കുന്നതിലും ഭാഷയെ മലിനീകരിക്കുന്നതിലും ചില സ്വകാര്യ ടെലിവിഷന് ചാനലുകള് പരസ്പരം മത്സരിക്കുകയാണോയെന്ന് സംശയിച്ചു പോകും.
1984 ല് ഏഷ്യന് ഗെയിംസ് ഇന്ത്യയില് അരങ്ങേറിയതുമായി ബന്ധപ്പെട്ടാണ് പതിനായിരക്കണക്കിന് ഭവനങ്ങളില് കളര് ടെലിവിഷന് സെറ്റുകള് സ്ഥാനം പിടിച്ചത്. ദൂരദര്ശന് മാത്രമായിരുന്നു രംഗത്ത്. ഇന്നും നാടന് കലാരൂപങ്ങള്ക്കും വാദ്യങ്ങള്ക്കും അല്പമെങ്കിലും ഇടം കിട്ടുന്നത് ഇതില് മാത്രമാണ്. ഇന്നത്തെ വാര്ത്താവായനക്കാര് പോയകാലത്തെ ദൂരദര്ശന്, ആകാശവാണി വാര്ത്താ വായനക്കാരുടെ ഭാഷാ ശുദ്ധിയും ഉച്ചാരണ വ്യക്തതയും വാചകങ്ങളുടെ സ്ഫുടതയും വല്ലപ്പോഴും കേട്ടുനോക്കുന്നത് മലയാളി പ്രേക്ഷകര്ക്ക് അനുഗ്രഹമായിരിക്കും. നമ്മുടെ മാതൃഭാഷയെ കണ്മുന്നില് വെച്ച് അപമാനിക്കുന്നതിനെ ചൂണ്ടിക്കാണിച്ചത് തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി മുതലായ മറ്റ് ഇന്ത്യന് ഭാഷകളിലുള്ള ദൃശ്യമാധ്യമങ്ങള് കാണിക്കുന്ന ഭാഷാസ്നേഹം കണ്ടാല് നമുക്ക് അസൂയ കലര്ന്ന ആദരവ് തോന്നിപ്പോകും എന്നതു കൊണ്ടാണ്.
ഒരു മുപ്പത് കൊല്ലം മുമ്പുവരെ തെറ്റില്ലാത്ത ഭാഷ പഠിക്കാന് വര്ത്തമാന പത്രം വായിക്കാനാണ് കുട്ടികളെ ഉപദേശിക്കുമായിരുന്നത്.പത്രാധിപ പംക്തിയാകട്ടേ, അതുകൂടിയുള്പ്പെടുന്ന എഡിറ്റോറിയല് പേജാകട്ടേ, പുതിയ ആശയങ്ങള്ക്കും അറിവുകളുകള്ക്കുമായി തുറന്നിട്ട വാതായനവും. എന്നാല് ഈയിടങ്ങള് പോലും ഭാഷയുടെയും വ്യാകരണത്തിന്റെയും അര്ത്ഥത്തിന്റെയും മാത്രമല്ല, വസ്തുതകളുടെ പോലും ‘പിശകു നില’ങ്ങളായി മാറുമ്പോള് ഏത് കുട്ടികളെയാണ് ഉപദേശിക്കേണ്ടത്? ”ആശാനു പിഴച്ചാല് ഏത്തമില്ല” എന്നതുപോലെ പല മാധ്യമങ്ങളും തങ്ങള്ക്കു പറ്റിയ പിശകുകള്ക്ക് ഒരു തിരുത്ത് പറയാന് പോലുമുള്ള സന്മനസ്സു കാട്ടാറില്ല. വര്ത്തമാന പത്രങ്ങളിലെ, കറുത്ത മഷിയില് അച്ചടിച്ച വരികള് നിറഞ്ഞ കോളങ്ങള്, ചത്ത അക്ഷരങ്ങളുടെ കൂമ്പാരങ്ങളല്ലായെന്ന് വായനക്കാര്ക്ക് അനുഭവവേദ്യമാകണം.
വരിക്കാരുടെ എണ്ണം കൊണ്ടു മാത്രം ഒരു പത്രമോ TRP റേറ്റിംഗ് കൂടിയതു കൊണ്ടുമാത്രം ഒരു ടിവി ചാനലോ മികച്ചതാകുന്നില്ലായെന്ന് നമുക്കെല്ലാമറിയാം.
മാധ്യമങ്ങളുടെ എണ്ണത്തിലെ പെരുപ്പം, വിവരസാങ്കേതിക വിദ്യയുടെ അവിശ്വസനീയമായ വളര്ച്ചയുടെ ഗുണഫലങ്ങള് അനുഭവിക്കുന്ന ഇക്കാലത്തും, വായനക്കാരനോ പ്രേക്ഷകനോ ഗുണപരമായ മേന്മകള് സമ്മാനിക്കാന് എത്രകണ്ട് കഴിയുന്നുണ്ട്? പ്രസ്സ് കൗണ്സില് ഓഫ് ഇന്ത്യ പല്ലും നഖവുമില്ലാത്ത ഒരു കിഴവന് കടുവയെപ്പോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളെ അവര് തന്നെ സ്വയം തിരുത്തേണ്ടത് മാധ്യമ ധര്മ്മത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തില് സൂചിപ്പിച്ച ചില കാര്യങ്ങളിലേയ്ക്കു ഇനി മടങ്ങി വരാം. 1980 കള് വരേയും ഒരു ശരാശരി കേരളീയന് പോലീസ് സ്റ്റേഷനില് പോകുവാന് ഭയമായിരുന്നു. പോലീസിന്റെ യൂണിഫോം പരിഷ്കരിക്കുന്നതിനു മുമ്പുള്ള ”തീക്കുറ്റി പോലീസ്” എന്ന് രഹസ്യമായി വിദ്യാര്ത്ഥികള് വിളിച്ചിരുന്ന കാലം. (മുട്ടുവരെയെത്താത്ത കാക്കി നിക്കര് ഇട്ടിരുന്ന പോലീസ് കോണ്സ്റ്റബിള്മാരുടെ തൊപ്പിയുടെ അറ്റം കൂര്ത്തതും തീപ്പെട്ടിക്കോലിന്റെ അറ്റത്ത് ചുവന്ന വെടിമരുന്ന് പോലെയുമായിരുന്നു). പോലീസ് സ്റ്റേഷനില് വലതുകാല് വെച്ചുകയറിയാലും ഇടതുകാല് വെച്ചുകയറിയാലും പ്രതിയ്ക്ക് അടി ഉറപ്പായിരുന്ന ഒരു കാലം- ആ കാലം മാറ്റിയെടുക്കുന്നതില് ഇടതുപക്ഷക്കാര് വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. ജയിലിലേയ്ക്കു കൊണ്ടുവരുന്ന തടവു പുള്ളികള്ക്ക് ”നടയടി”യോടെയായിരുന്നു ഒരു കാലത്ത് സ്വീകരണം. ”ഏമാനേ” എന്നു വിളിച്ചാല് ”ഫാ!… നിന്റെ ഏതുവകയിലാടാ ഞാന് ജന്മിയായത്?” രണ്ട് കരണത്തും പൊന്നീച്ച പറക്കും. ”സാറേ” എന്ന് അഭിസംബോധന ചെയ്താല് ”ഭാ! –മോനേ നിന്നെ ഏതു ക്ലാസ്സിലാടാ ഞാന് പഠിപ്പിച്ചത്”? മുടിക്ക് കുത്തിപ്പിടിച്ച് തല ഏമാന്റെ കാല്മുട്ടിനിടയിലാക്കി കുനിച്ചുനിര്ത്തി മുതുകിലായിരിക്കും മുഷ്ഠി പ്രയോഗം. ഇതുകഴിഞ്ഞ് സെല്ലിലേയ്ക്ക് ‘എറിയപ്പെട്ടു’ കഴിഞ്ഞാല് പിന്നീടുള്ള ദിവസങ്ങളില് കൊടുംക്രിമിനല് പുള്ളികളായ ”ആശാന്മാ”രുടെ കൈത്തരിപ്പ് തീര്ക്കാനും വിവിധ തരം പ്രയോഗങ്ങള്ക്കിരയാവാനും അയാള് വിധിക്കപ്പെട്ടവനായി മാറും.
ജയില് ഒരു പ്രത്യേക ലോകമാണ്. സ്വന്തം ജീവിതാനുഭവത്തില് കൂടി ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ് ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ ബില്ലും ഒക്കെ കൊണ്ടുവന്ന ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ജയില് നടപടികളിലെ പരിഷ്കരണവും മുന്നോട്ട് വെച്ചത്. ക്രിമിനലുകളെ തുറന്നു വിടാനും ജയിലിനെ സുഖവാസ കേന്ദ്രമാക്കാനും ഇ.എം.എസ്സും വി.ആര്.കൃഷ്ണ അയ്യരും കൂടി ശ്രമിക്കുന്നുവെന്ന് 1950 കളുടെ അവസാനത്തില് അച്ചുനിരത്തിയവരുടെ പിന്ഗാമികള് 60 വര്ഷങ്ങള്ക്കു ശേഷം പഴയ ജയില് വാര്ഡന്മാരുടേയും ആശാന്മാരുടെയും പ്രേതം ആവാഹിച്ചവരെ പോലെ പെരുമാറിയിട്ടില്ലേ?
ടിവി ചര്ച്ചകള്ക്കോ സംവാദങ്ങള്ക്കോ ഗസ്റ്റ് (അതിഥി) ആയി ക്ഷണിച്ച് നടയടിയോടെ തുടങ്ങി എല്ലാത്തിനും തീര്പ്പു കല്പ്പിക്കുന്ന ഇടമാക്കി ആ ഒന്ന്-ഒന്നര മണിക്കൂറിനെ മാറ്റുന്നതിലൂടെ സത്യം അറിയിക്കുക എന്നതിനപ്പുറം ”ഞാന് പറയുന്നതു മാത്രമാണ് സത്യം” എന്ന നിലയിലേയ്ക്ക് വഴിതിരിച്ചുവിടുന്നതായിരുന്നു പലപ്പോഴും അനുഭവപ്പെട്ടത്.
ചര്ച്ചയുടെ ആംഗര്ക്ക് സാമാന്യ മര്യാദകളുടെ സീമകള് ലംഘിക്കാന് ബുദ്ധിമുട്ടുള്ളതു കൊണ്ട് മറ്റുള്ളവരുടെ തന്തയ്ക്കും തള്ളയ്ക്കും തെറി പറയാന് പോലും ”നിരീക്ഷകന്”മാരെയാണ് ആശാന്മാരായി അവരോധിച്ചത്. ഒരു കാലത്ത് ജയിലുകളിലെ ആശാന്മാര്ക്കുള്ള മേച്ചില്പ്പുറങ്ങളായിരുന്നു മറ്റെല്ലാ ജയില്പ്പുള്ളികളും. അതുപോലെ കുറേപ്പേര് രാഷ്ട്രീയ നിരീക്ഷകരായി വേഷം കെട്ടിയാടി. ചിലരാകട്ടേ എല്ലാത്തരം നിരീക്ഷകരുമായി. ചില ചര്ച്ചകള്ക്കു ശേഷം അവര് തന്നെ സ്വയം മാര്ക്കറ്റിംഗിനായി സമൂഹ മാധ്യമ താളുകളിലൂടെ തങ്ങളുടെ വീരസ്യവും വായടപ്പിച്ച ചോദ്യങ്ങളും വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ടേയിരുന്നു.
വൈകുന്നേരം എല്ലാ പക്ഷികളും കൂടണയും. നീണ്ട വാലുള്ള ആ കിളി പൊക്കമുള്ള കൊന്നത്തെങ്ങിന്റെ ഒരു ഓലയിലിരുന്ന് തന്റെ നീണ്ട വാല് കോതിയൊതുക്കുമ്പോഴാണ് ഭൂതോദയം ഉണ്ടായത്- തന്റെ വാല് അനങ്ങുമ്പോള് ഓലകള് അനങ്ങുകയാണ്; മാത്രമല്ല, തെങ്ങുള്പ്പെടെ എല്ലാ വൃക്ഷലതാദികളും. തീര്ന്നില്ല, തന്റെ വാലനക്കിയത് ഒരു കാറ്റായി കൊടുങ്കാറ്റായി മാറുന്നു. താനാണ് സമയത്തെയും കാലത്തെയും നിര്ണ്ണയിക്കുന്നത്. അതാ സൂര്യനും പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്ക് കടന്നുപോകുന്നു. ഇങ്ങനെ മനസ്സില് അഹന്തയുടെ പായസം വെന്തുതൂകി നടന്ന ചിലരെങ്കിലും ഇപ്പോള് അതെല്ലാം മറന്ന മട്ടാണ്. പക്ഷേ അതെങ്ങനെ ജനങ്ങള്ക്കു മറക്കാനാവും? ഇക്കൂട്ടര് പുതിയ അജണ്ടകള് തീരുമാനിക്കും മുമ്പ് ഒരു ആത്മപരിശോധന നടത്തുന്നതാണ് ഉചിതം. എല്ലാ സംശയാസ്പദ മരണങ്ങള്ക്കും ഒരു പോസ്റ്റുമോര്ട്ടം അനിവാര്യമല്ലേ? ഒന്നും രണ്ടും മൂന്നും എസ്റ്റേറ്റുകള് വിലയിരുത്തലുകള്ക്കും വിമര്ശനങ്ങള്ക്കും വിധേയമാകുമ്പോള് ‘ഫോര്ത്ത് എസ്റ്റേറ്റ്’ മാത്രം അതിനു വിധേയമാകാതെ മുന്നോട്ട് പോകുന്നത് ശരിയണോ എന്ന് അവര് തന്നെ പരിശോധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രകൃതി ദുരന്തങ്ങളും പകര്ച്ചാ വ്യാധികളും ഇന്ന് ലോകം നേരിടുന്ന കോവിഡ് മഹാമാരിയും മനുഷ്യര്ക്കുമുമ്പില് മരണത്തെ മുഖാമുഖം കൊണ്ടുനിര്ത്തിയപ്പോള് ആത്മവിശ്വാസത്തിന്റെ കരുത്തും പ്രതീക്ഷയുടെ പ്രകാശവും ഐക്യത്തിന്റെ സന്ദേശവും പ്രദാനം ചെയ്യുന്നതില് നമ്മുടെ മാധ്യമങ്ങള് ശ്ലാഘനീയമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഒറ്റപ്പെടലിന്റെ വിഹ്വലതയില് നിന്നും സമൂഹത്തിന്റെ കൂട്ടായ്മയിലേയ്ക്കു സഹര്ഷം കൈ പിടിച്ചുയര്ത്തുന്നതില് കേരളീയ സമൂഹത്തിന് കൈത്താങ്ങായി പ്രവര്ത്തിച്ച നമ്മുടെ മാധ്യമങ്ങള്, ജീവന് പണയം വെച്ചും മുന്നണി പോരാളികളായി മാറിയ മാധ്യമ പ്രവര്ത്തകര് എന്നിവരെല്ലാം ഇതര സഹജീവികളെപ്പോലെ തന്നെ നാടിന്റെ നന്മയുടെ പ്രതീകങ്ങളാണ്. എക്കാലവും ആ മാനവികതയുടെ മാതൃകയായി അവര് ശോഭിക്കുകയും വേണം എന്ന ആഗ്രഹത്താലാണ് ഇത് കുറിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News