കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അര്‍ജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായ അര്‍ജ്ജുന്‍ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.

സ്വര്‍ണക്കടത്തിലെ ക്യാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അര്‍ജ്ജുനെ കുടുക്കുന്നതില്‍ കസ്റ്റംസിന് നിര്‍ണായകമായത് എന്നാണ് സൂചന. കടത്ത് സ്വര്‍ണ്ണ0 അര്‍ജ്ജുനെ ഏല്‍പിക്കാനായിരുന്നു നിര്‍ദ്ദേശം കിട്ടിയതെന്ന് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. അര്‍ജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന അര്‍ജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അര്‍ജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അര്‍ജുന്‍ ആയങ്കിയും കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡി അപേക്ഷയില്‍ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണ്ണക്കടത്തിയ മുഹമ്മദ് ഷഫീഖ് പിടിക്കപ്പെടുമെന്നായപ്പോള്‍ ഒടുവില്‍ സംസാരിച്ചത് അര്‍ജ്ജുനുമായാണ്. ഈ ഫോണ്‍ രേഖയും തെളിവായി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മുഹമ്മദ് ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍.

സ്വര്‍ണ്ണക്കടത്തിലും ഇത് അട്ടിമറിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലും ഒരേ പോലെ പങ്ക് വ്യക്തമായ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. പല കേസിലും ഇടപാടുകാരനായ അര്‍ജ്ജുനില്‍ നിന്ന് മലബാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തിനായി പണം നല്‍കുന്നത് ആരെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയും കസ്റ്റംസിനുണ്ട്. സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News