‘രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെയുള്ള നടപടിയാണ് അമേരിക്കയുടേത്’; ഇറാഖ്-സിറിയ അതിര്‍ത്തിയിലെ അമേരിക്കന്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി

ഇറാഖ് – സിറിയ അതിര്‍ത്തിയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദീമി. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെയുള്ള നടപടിയാണ് അമേരിക്കയുടേത് എന്ന് ഖദീമി പറഞ്ഞു.

‘അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇറാഖിന്റെ പരമാധികാരത്തെ അപമാനിക്കുന്നതിന് തുല്യമാണിത്,’ ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇറാഖ് – സിറിയ അതിര്‍ത്തിയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇറാഖിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ സായുധ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ജോ ബൈഡന്‍ അധികാരത്തിലേറിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സിറിയയില്‍ ആക്രമണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്.

സായുധ ഗ്രൂപ്പുകള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് യു എസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയയിലെയും ഇറാഖിലെയും രണ്ട് ലൊക്കേഷനുകളെയാണ് ആക്രമിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പ്രസ്താവനയില്‍ പ്രതിപാദിക്കുന്നില്ല.

അതേസമയം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി പറയുന്നുണ്ട്. സിറിയയുടെ സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായും പറയുന്നു.

അമേരിക്ക തികച്ചും ഉചിതമായ അവശ്യനടപടികളാണ് സ്വീകരിച്ചതെന്നും നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാനായി ബോധപൂര്‍വ്വം സ്വീകരിച്ച നടപടി കൂടിയാണിതെന്നും പെന്റഗണ്‍ വക്താവായ ജോണ്‍ കിര്‍ബി പറഞ്ഞു. ഇതിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് അമേരിക്ക നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് സായുധസേനാ ഗ്രൂപ്പുകള്‍ അറിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാനായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ ആക്രമണത്തെ തിരിച്ചടിക്കാന്‍ പൂര്‍ണ്ണമായും സജ്ജരായി കഴിഞ്ഞുവെന്നും ഇവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here