യൂറോ കപ്പിൽ ക്വാർട്ടർ കാണാതെ ഫ്രാൻസ്

ലോകചാമ്പ്യന്മാരായ ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോളിൽ നിന്നും ക്വാർട്ടർ കാണാതെ പുറത്ത്. സ്വിറ്റ്സർലണ്ടാണ് ഫ്രാൻസിനെ അട്ടിമറിച്ചത്.ആവേശപ്പോരിൽ ക്രയേഷ്യയെ തോൽപ്പിച്ച് സ്പെയിനും അവസാന എട്ടിലിടം നേടി.

ഹാരിസ് സെഫറോവിച്ചിലൂടെ പതിനഞ്ചാം മിനുട്ടിൽ മുന്നിലെത്തിയ സ്വിസ് ടീമിന് രണ്ടാം പകുതിയിൽ ബെൻസേമയുടെ ഇരട്ടഗോളിലൂടെയും പോഗ്ബയുടെ ‘ലോങ്ങ് റേഞ്ചർ’ ഗോളിലൂടെയും ഫ്രാൻസിന്റെ മറുപടി.

ഗ്രീസ്മാൻ – പോഗ്ബ- ബെൻസേമ -എംബാപ്പെ കൂട്ടുകെട്ട് തുടർന്നും സ്വിസ് ഗോൾ മുഖത്ത് അപകടം വിതച്ചു. അവസാന 10 മിനുട്ടുകളിൽ സ്റ്റേഡിയം കണ്ടത് തളരാതെ പൊരുതിയ സ്വിസ് ടീമിന്റെ ഉശിരൻ തിരിച്ചു വരവാണ്.

അധികസമയത്തും ടീമുകൾ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. എംബാപ്പെയെടുത്ത ഷോട്ട് രക്ഷപ്പെടുത്തി സ്വിസ് ടീമിനെ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തിച്ച് ഗോൾകീപ്പർ യാൻ സോമറിന്റെ വീരോചിത പ്രകടനം.

കഴിഞ്ഞ യൂറോയിലെ ഫൈനലിസ്റ്റുകളായിരുന്ന ലോക ചാമ്പ്യന്മാർ ക്വാർട്ടർ കാണാതെ പുറത്ത്. ബുക്കാറെസ്റ്റിലെ നാഷണൽ അരീനയിൽ ഗ്രനിറ്റ് സാക്കയുടെ സ്വിസ് ടീമിന്റെ വിജയാഘോഷം.ഗോൾമഴ കണ്ട ആവേശത്രില്ലറിൽ ക്രയേഷ്യയെ തോൽപിച്ച് സ്പെയിനും ക്വാർട്ടറിൽ കടന്നു. കോപ്പൻഹേഗനിലെ പാർക്കൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധിപത്യം പുലർത്തിയത് സ്പെയിനായിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കിയ ക്രയേഷ്യൻ ടീം നിശ്ചിത സമയത്ത് ഗോൾ നിലയിൽ ഒപ്പമെത്തി.

സെൽഫ് ഗോളും സൂപ്പർ ഗോളും എക്സ്ട്രാ ടൈം ഗോളുമെല്ലാം പിറന്ന ടൂർണമെൻറിലെ ഏറ്റവും ഉജ്വലമായ പോരാട്ടത്തിൽ ക്രയേഷ്യയെ 5-3ന് കീഴടക്കി സ്പെയിൻ അവസാന എട്ടിൽ. മൊറാറ്റയുടെയും ഒയർസബാളിന്റെയും വകയായിരുന്നു എക്സ്ട്രാടൈമിലെ സ്പാനിഷ് ഗോളുകൾ .വെള്ളിയാഴ്ച രാത്രി 9:30 ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്പെയിനിന് സ്വിറ്റ്സർലണ്ടാണ് എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News