യൂറോ കപ്പിൽ ഇന്ന് മരണപ്പോരാട്ടം; ക്വാർട്ടർ ലൈനപ്പ് ഇന്ന് അറിയാം, ആകാംഷയോടെ കാൽപന്ത് ആരാധകർ

യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം. പ്രീ ക്വാർട്ടറിലെ ക്ലാസിക് ത്രില്ലറായ ഇംഗ്ലണ്ട് – ജർമനി പോരാട്ടം രാത്രി 9:30 ന് വെംബ്ലിയിൽ നടക്കും.9:30 ന് നടക്കുന്ന മത്സരത്തിൽ സ്വീഡന് എതിരാളി ഉക്രയ്നാണ്.

പ്രീ ക്വാർട്ടർ മത്സരങ്ങളിലെ മരണപ്പോരാട്ടമാണ് ഇന്ന് അരങ്ങേറുക. കാൽപന്ത് കളിയിലെ കരുത്തുറ്റ ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ വെംബ്ലിയെ ആവേശ ലഹരിയിലാക്കും.കഴിഞ്ഞ യൂറോയിൽ പ്രീ ക്വാർട്ടറിൽ ഐസ്ലണ്ടിനോട് തോറ്റു പുറത്തായ ഇംഗ്ലണ്ട് ഇക്കുറി സർവ്വശക്തരായാണ് പോരിനൊരുങ്ങുന്നത്. തന്ത്രശാലിയായ മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്സാണ് ഇംഗ്ലണ്ട് ആക്രമണത്തിന്റെ സൂത്രധാരൻ .

ഹാരി കെയ്നും റഹിം സ്റ്റെർലിങ്ങും ഉൾപ്പടെയുള്ള മുന്നേറ്റനിര താളം കണ്ടെത്തിയത് ടീമിന് ശുഭസൂചനയാണ്.എല്ലാ പൊസിഷനുകളിലും മികവുറ്റ താരങ്ങളുടെ സാന്നിധ്യമാണ് ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലീഷ് ടീമിനെ വേറിട്ടു നിർത്തുന്ന ഘടകം .അതേസമയം മരണ ഗ്രൂപ്പിൽ നിന്നും കടുത്ത പോരാട്ടങ്ങളെ അതിജീവിച്ച് പ്രീ ക്വാർട്ടറിലെത്തിയതിന്റെ ത്രില്ലിലാണ് ജർമൻ പട .

ടോണി ക്രൂസും ഗോസെൻസും ഗുണ്ടോഗനും കിമ്മിച്ചും മധ്യനിരയിൽ തകർപ്പൻ കളി കെട്ടഴിക്കുമ്പോൾ നാബ്രിയും ഹവേർട്സും സാനെയും എതിർ ഗോൾ മുഖത്ത് അപകടം വിതയ്ക്കും. പ്രതിരോധത്തിൽ മാറ്റ് ഹമ്മൽസ് കപ്പിത്താനാകുമ്പോൾ വിജയത്തെക്കുറിച്ച് ജോക്വിം ലോയ്ക്ക് ആശങ്കയില്ല. രാത്രി 9:30 ന് വെംബ്ലിയിലാണ് ഇംഗ്ലണ്ട്- ജർമനി സൂപ്പർ ത്രില്ലർ. രാത്രി 12 :30 ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ ഉക്രെയ്നെ നേരിടും. മികച്ച മധ്യനിരയാണ് സ്വീഡിഷ് ടീമിന്റെ ശക്തി. ഫോഴ്സ്ബർഗും ഓൾസനും ലാർസനുമെല്ലാം മിന്നും ഫോമിൽ. ടൂർണമെൻറിൽ ഇതേ വരെയായി 3 ഗോളുകൾ ഫോഴ്സ്ബർഗ് നേടിക്കഴിഞ്ഞു.

ലിൻഡെലോഫിനും ഡാനിയൽസനുമാണ് പ്രതിരോധത്തിന്റെ ചുമതല. ഗോൾ വലയ്ക്ക് മുന്നിൽ റോബിൻ ഓൾസന്റെ വിസ്മയ പ്രകടനം കൂടിയാകുമ്പോൾ ഉക്രെയ്നെ വീഴ്ത്തി ക്വാർട്ടറിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് സ്വീഡിഷ് ടീം. അതേ സമയം ആന്ദ്രേഷെവ്ചെങ്കോയെന്ന സൂപ്പർ പരിശീലകൻടെ ചാണക്യ തന്ത്രങ്ങളിലാണ് ഉക്രയിൻ ടീം വിശ്വാസം അർപ്പിക്കുന്നത്. 2012 യൂറോ കപ്പിൽ ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ ഷെവ്ചെങ്കോയുടെ ഗോളടി മികവിലായിരുന്നു ഉക്രയ്നിൻടെ വിജയം. ടീമിന്റെ മുന്നേറ്റനിരയിൽ യാരെംചുക്കും യാർമൊലൻകോയും പുറത്തെടുക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്.

മാഞ്ചെസ്റ്റർ സിറ്റി മിഡ്ഫീൽഡർ സിഞ്ചെൻകോയാണ് ടീമിലെ പ്ലേമേക്കർ. മാറ്റ്വിയെൻകോ കപ്പിത്താനായ പ്രതിരോധ നിരയും ഗോൾകീപ്പർ ബുഷ്ചെനും പോരാട്ട വീര്യം തുടർന്നാൽ ഉക്രെയ്ന് ചരിത്രത്തിലിതാദ്യമായി ക്വാർട്ടറിലിടം നേടാം. ഏതായാലും കിടിലൻ പോരാട്ടങ്ങൾക്കൊടുവിൽ ടൂർണമെൻറിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പറിയാനുള്ള ആകാംക്ഷയിലാണ് കാൽപന്ത് കളി പ്രേമികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here