ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണം: കുടിയേറ്റ തൊഴിലാളികൾ പട്ടിണി കിടക്കരുതെന്നും സുപ്രീംകോടതി

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവിൽ തന്നെ പൂർത്തിയാക്കണം. കൊവിഡ് പ്രതിസന്ധി പൂർണമായി ഒഴിയുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യണമെന്നും സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.

കുടിയേറ്റ തൊഴിലാളികൾ എവിടെയാണ് താമസിക്കുന്നത് അവിടെ ഭക്ഷ്യധാന്യം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശനമായി പാലിക്കണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിർദേശം.കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറിന നിർദേശങ്ങളാണ് സുപ്രീംകോടതി നിർദേശിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപം നൽകിയ ദേശീയ പോർട്ടലിൽ ജൂലായ് 31നകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കണം.

സംസ്ഥാന സർക്കാരുകൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം.ഭക്ഷ്യധാന്യത്തിൻറെ ലഭ്യതക്കുറവ് കണ്ടെത്തിയാൽ ക്വാട്ട വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

കുടിയേറ്റ തൊഴിലാളികൾ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സമൂഹ അടുക്കള സ്ഥാപിക്കണം. കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ സമൂഹ അടുക്കള വഴിയുള്ള ഭക്ഷ്യവിതരണം തുടരണമെന്നും സുപ്രീംകോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here