പാലക്കാട് അണക്കപ്പാറയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്.

സംസ്ഥാന എക്സൈസ് ഇൻറലിജൻസിൻറെ നേതൃത്വത്തിൽ പാലക്കാട് ആലത്തൂരിൽ വ്യാജമദ്യ കേന്ദ്രം കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ജോയിൻറ് എക്സൈസ് കമ്മീഷണർ നെൽസനാണ് അന്വേഷണ ചുമതല.

സ്പിരിറ്റ് കലക്ക് വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം കണ്ടെത്തുന്നതിൽ വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ആലത്തൂർ എക്സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും, ഇൻസ്പക്ടർ പ്രശോഭിനെ നിലമ്പൂരിലേക്കും ഐബി ഇൻസ്പക്ടർ അനൂപിനെ തൃപ്പൂണിത്തുറയ്ക്കും സ്ഥലം മാറ്റി.

ഡപ്യൂട്ടി കമ്മീഷണർ, ഐബി സെൻട്രൽ സോൺ അസി കമ്മീഷണർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം അണക്കപ്പാറയിലെ കള്ള് പരിശോധനയ്ക്കുള്ള ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്നത് അണക്കപ്പാറ സ്പിരിറ്റ് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണെന്ന് കണ്ടെത്തി.

ദേശീയ പാതയോട് ചേർന്നുള്ള കെട്ടിടത്തിന് 4330 രൂപ വാടകയ്ക്ക് എടുത്താണ് ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. സ്പിരിറ്റ് കേസിലെ മുഖ്യപ്രതി സോമൻനായരുടെയും അറസ്റ്റിലായ എൻസി വിൻസൻറിൻറെയും ജയരാജ് എന്നയാളുടെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നടപടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ എക്സൈസ് വകുപ്പ് തല അന്വേഷണം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here