പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം: ഷാൻ മുഹമ്മദിനെതിരെ നടപടിയെടുക്കാത്തത് വിവാദമാവുന്നു

പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.എറണാകുളം പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെതിരെ നടപടിയെടുക്കാത്തത് വിവാദമാവുന്നു. മാത്യു കുഴൽ നാടൻ എം എൽ എ, നേരത്തെ ഷാൻ മുഹമ്മദിൻ്റെ വക്കാലത്ത് ഏറ്റെടുത്തെങ്കിലും സംഭവം വിവാദമായതോടെ വക്കാലത്ത് ഒഴിയുകയായിരുന്നു.എന്നാൽ മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായിരുന്ന അസഫ് അലിയാണ് നിലവിൽ ഷാനിൻ്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

പോത്താനിക്കാട് പീഡനക്കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ഷാൻ മുഹമ്മദ് പ്രതിയാണെന്നറിഞ്ഞ് ഒരു മാസമായിട്ടും ഇയാൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകാത്തത് വലിയ വിവാദമാവുകയാണ്.

നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല ഷാൻ മുഹമ്മദിന് പൂർണ്ണ സംരക്ഷണം നൽകുന്ന നടപടിയാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയായതോടെ അറസ്റ്റ് ഭയന്ന് മുങ്ങിയ ഷാൻ മുഹമ്മദിന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ആദ്യം വക്കാലത്ത് ഏറ്റെടുത്തത് മാത്യു കുഴൽ നാടൻ എം എൽ എ യായിരുന്നു.എന്നാൽ ഇത് പിന്നീട് വലിയ വിവാദമായി.

പീഡനക്കേസ് പ്രതിക്കു വേണ്ടി എംഎൽഎ വക്കാലത്തേറ്റെടുത്തതിനെതിരെ ഡി വൈ എഫ് ഐ ഉൾപ്പടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.ഇതോടെ മാത്യു കുഴൽ നാടൻ വക്കാലത്ത് ഒഴിയുകയായിരുന്നു.

എന്നാൽ മറ്റൊരു കോൺഗ്രസ് നേതാവും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ.ടി അസഫലിയാണ് നിലവിൽ ഷാൻ മുഹമ്മദിൻ്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്ന ഷാൻ മുഹമ്മദ് അഭിഭാഷകരായ ഈ കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷാൻ മുഹമ്മദിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിയാസ് നേരത്തെ അറസ്റ്റിലായി റിമാൻ്റിൽ കഴിയുകയാണ്.

യൂത്ത് കോൺഗ്രസിൻ്റെ പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയിലെ സജീവ പ്രവർത്തകനായ ഇയാൾക്കെതിരെയും നേതൃത്വം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യ പ്രതി റിയാസിനെ സഹായിക്കുകയും പീഡനവിവരം അറിഞ്ഞിട്ടും പുറത്തറിയിക്കാതിരിക്കുകയും പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിനുമാണ് ഷാൻ മുഹമ്മദിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 25 ദിവസത്തിലധികമായി ഒളിവിൽ കഴിയുന്ന ഇയാൾക്കു വേണ്ടി ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News