തെലുങ്ക് ലൂസിഫറില്‍ ചിരഞ്ജീവിയുടെ നായികയാവാന്‍ നയന്‍താര

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. നായകകഥാപാത്രത്തിന്റെ പ്രണയിനിയായി നയന്‍താരയും സിനിമയിലുണ്ടാകും.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും ചിരഞ്ജീവിയുടെയും നയന്‍താരയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം പറയുന്ന ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ശിവ കൊരട്ടാലയുടെ ആചാര്യ പൂര്‍ത്തിയായ ഉടനെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. നേരത്തെ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News