സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വിരമിക്കുന്നു

ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ നാളെ സർവീസിൽ നിന്ന് വിരമിക്കും.രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വർഷമായി ബെഹ്റയാണ് പൊലീസ് മേധാവി. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

കേരള പൊലീസിൽ സാങ്കേതികവിദ്യയും ആധുനികവൽക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉൾപ്പെടെ പൊലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പൊലീസിൻറെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.

1961 ജൂൺ 17 ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1984 ൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവ്വീസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യിൽ അഞ്ച് വർഷവും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയിൽ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയിൽ നിന്ന് വിടുതൽ നൽകിയത്.

രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതിൽ വിദഗ്ദ്ധനാണ്. 27 വിദേശരാജ്യങ്ങൾ സന്ദർശിച്ചു.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) നിലവിൽ വന്ന വർഷം തന്നെ എൻ.ഐ.എ യിൽ ചേർന്നു. ഏജൻസിയുടെ പ്രവർത്തനരീതിയും അന്വേഷണത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ എ.എസ്. പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റൻറ് കമ്മീഷണർ, കണ്ണൂർ എസ്പി, കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പൊലീസ് കമ്മീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളിൽ പ്രവർത്തിച്ചു.

സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ സ്പെഷ്യൽ ക്രൈംബ്രാഞ്ച് എസ്.പി, ദില്ലി ഓഫീസിൽ ക്രൈം റീജിയൺ ഡിഐജി, കമ്പ്യൂട്ടറൈസേഷൻ വിഭാഗത്തിൽ ചീഫ് കോർഡിനേറ്റർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഐജി, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഐജി എന്നീ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചശേഷം കേരളത്തിൽ മടങ്ങിയെത്തി. തുടർന്ന് പൊലീസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവൽക്കരണവിഭാഗം എ.ഡി.ജി.പി, ജയിൽ ഡി.ജി.പി, ഫയർഫോഴ്സ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നീ നിലകളിൽ ജോലി നോക്കി. 2016 ജൂൺ 1 മുതൽ 2017 മെയ് 6 വരെയും 2017 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെയുമാണ് സംസ്ഥാന പൊലീസ് മേധാവിയായി പ്രവർത്തിച്ചത്.

സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. സൈബർ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, നാസ്കോം എന്നിവ ചേർന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മാനിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നിരവധി അവാർഡ് ലഭിച്ചു.

ബുധനാഴ്ച രാവിലെ എട്ട് മണിക്ക് പേരൂർക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News