ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നും റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്തര്‍സംസ്ഥാനയാത്രികര്‍ കോവിഡ് നെഗറ്റീവ്‌സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവില്‍ എയര്‍പോര്‍ട്ടുകളില്‍ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേലനത്തില്‍ പറഞ്ഞു.
കോവിഡ് നിലനില്‍ക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളില്‍പെട്ട പ്രദേശങ്ങളില്‍ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു പോകണം. ഇതിനായി ബോധവല്‍ക്കരണവും ആവശ്യമെങ്കില്‍ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്.
ഹോം സ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തീകരിക്കും.
ബി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും.
ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാര്‍ഗങ്ങളില്‍ ശ്രദ്ധ വെക്കണം. പുറത്തിറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.
പൊതു സ്ഥലങ്ങളിലേക്കാള്‍ സ്വകാര്യ സ്ഥലങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വീടുകള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗം വളരെ കൂടുതല്‍ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. അടഞ്ഞു കിടക്കുന്ന മുറികള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുത്.
പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.