ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു ; മുഖ്യമന്ത്രി

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും.

വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ല. മാത്രമല്ല, അവര്‍ രോഗവാഹകര്‍ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.

സമൂഹത്തില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കുക എന്നതാണ് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തരാകാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവു പ്രധാനപ്പെട്ട മാര്‍ഗം. മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതു സ്ഥലങ്ങളിലേക്കാള്‍ സ്വകാര്യ സ്ഥലങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വീടുകള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗം വളരെ കൂടുതല്‍ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്.

അടഞ്ഞു കിടക്കുന്ന മുറികള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel