ഒരു തെറ്റിന്‍റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം, ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമൂഹത്തില്‍ തെറ്റായ ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് വളരെ കൃത്യതയാര്‍ന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്. തെറ്റു ചെയ്തിട്ടുണ്ടോ, കുറ്റം ചെയ്തിട്ടുണ്ടോ, ആ കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള തരത്തിലുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവും.

ചില കാര്യങ്ങളില്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ തടസം നേരിടുന്നുണ്ട്. അത് നിയമപരമായി മറ്റ് ചില ഏജന്‍സികള്‍ ചെയ്യേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് പലയിടത്തും സംഘടിതമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. അത്തരം കുറ്റകൃത്യങ്ങളെ കൃത്യമായി നേരിടാന്‍ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് നോക്കേണ്ട അവസ്ഥയാണുള്ളത്. ഉള്ള അധികാരം ഉപയോഗിച്ച് ശക്തമായ നിലപാടാണ് എല്ലാക്കാലത്തും നാം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആരെങ്കിലും തെറ്റ് ചെയ്താല്‍ ആ തെറ്റിനും തെറ്റുകാരനും സിപിഐ എം പിന്തുണ കൊടുക്കില്ല. സമൂഹത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടി അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തുണയ്ക്കില്ല. അതാണ് ദീര്‍ഘകാലമായി പാര്‍ട്ടിയുടെ നിലപാട്. അക്കാര്യത്തില്‍ ആശങ്ക വേണ്ട.

നമ്മുടെ കേരളത്തില്‍ ഇതുപോലെയുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകള്‍ വരുന്നുണ്ട്. എത്രയോ വ്യക്തികള്‍ പോസ്റ്റിടുന്നു. ഇതിനെല്ലാം പിന്നാലെ പാര്‍ട്ടിക്ക് പോകാനാവുമോ. അതില്‍ ചിലര്‍ പാര്‍ട്ടിയാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നുണ്ടാകും. പാര്‍ട്ടിയുടെ സാധാരണ ധാരണയ്ക്ക് അനുസരിച്ച് അല്ലാത്ത പോസ്റ്റുകളിട്ടപ്പോഴാണ് പരസ്യമായി അക്കാര്യത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here