സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തു; ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം

ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും പരാജയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയെ രണ്ട് പതിറ്റാണ്ട് പിറകോട്ട് കൊണ്ട് പോയി. കുഴല്‍പ്പണക്കേസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയതായും ഒരു വിഭാഗം കുറ്റപ്പെടുത്തി. ഓണ്‍ലൈനായി നടന്ന യോഗം ശോഭാസുരേന്ദ്രന്‍ പക്ഷം ബഹിഷ്‌ക്കരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനും കോടികളുടെ കുഴല്‍പണ വിവാദത്തിനും ശേഷം ഇതാദ്യമായാണ് ബി.ജെ.പി.യുടെ വിശാലമായ യോഗം ചേര്‍ന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, മേഖലാ ഭാരവാഹികള്‍ തുടങ്ങിയവരാണ് എക്്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തുവെന്ന് പാലക്കാട് നിന്നുള്ള മുതിര്‍ന്ന നേതാവ് കുറ്റപ്പെടുത്തി.

2004 ല്‍ ഒരു ലോക്‌സഭാ സീറ്റും വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവും ഉണ്ടാക്കി മുന്നേറ്റം നടത്തിയ എന്‍ഡിഎ മുന്നണിയെ കെ സുരേന്ദ്രന്‍ പൂര്‍ണ്ണമായി തകര്‍ത്തുവെന്നാണ് വിമര്‍ശനം. പാര്‍ട്ടിയെ രണ്ട് പതീറ്റാണ്ടു പുറകോട്ട് കൊണ്ട് പോയി. തെരെഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ യോഗം വിളിച്ചിട്ട് എന്താണ് പ്രയോജനമെന്നും, പ്രവര്‍ത്തകരില്‍ നിന്ന് സംസ്ഥാന നേതൃത്വം ഒളിച്ചോടുകയാണെന്നും അഭിപ്രായമുയര്‍ന്നു.

തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിക്ക് സംഭവിച്ച തകര്‍ച്ചയെയും പരാജയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ആവശ്യമുയര്‍ന്നു. കൊടകര കുഴല്‍പണക്കേസ് പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ വലിയ നാണക്കേടുണ്ടാക്കിയെന്നും സുരേന്ദ്രന്‍ വിരുദ്ധര്‍ ചൂണ്ടിക്കാട്ടി. വിനയ് സഹസ്രബുദ്ധെ എംപി യോഗം ഉദ്ഘാടനം ചെയ്തു. അതേ സമയം, ഓണ്‍ലൈനായി ചേര്‍ന്ന യോഗം ശോഭാസുരേന്ദ്രന്‍ പക്ഷം ബഹിഷ്‌ക്കരിച്ചു. 255 അംഗങ്ങളുള്ള സംസ്ഥാന എക്‌സിക്യൂട്ടീവില്‍ 150 ഓളം പേര്‍ മാത്രമാണ് പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here