വിഴിഞ്ഞം അടിമലത്തുറയില്‍ നായയെ അടിച്ചു കൊന്ന സംഭവം: പതിനേഴുകാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു

അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അതിക്രൂരമായി അടിച്ച് കൊന്ന ശേഷം കടലിലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് 17 കാരനടക്കം മൂന്ന് പേരെ അറസ്റ്റുചെയ്തു. അടിമലത്തുറ സ്വദേശികളായ സുനില്‍(22), സില്‍വസ്റ്റര്‍(20) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. അടിമലത്തുറ സ്വദേശി സോണി വളര്‍ത്തുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട എട്ടുവയസ്സുളള ആണ്‍ നായ ബ്രൂണോയെയാണ് മൂന്നംഗ സംഘം അടിച്ചു കൊന്നത്. ഇവരുടെ സഹോദരന്‍ ക്രിസ്തുരാജാണ് നായയെ പരിപാലിക്കുന്നത്.

തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. മീന്‍പിടിത്ത തൊഴിലാളിയായ സുനിലിന്റെ കടല്‍ത്തീരത്ത് വച്ചിരിക്കുന്ന വളളത്തിനടിയിലാണ് പലപ്പോഴും ഈ നായ(ബ്രൂണോ) കിടക്കുന്നത്. പലപ്പോഴും ഈ നായ ഇവിടെ കിടക്കുന്നതില്‍ സുനില്‍ വീട്ടുകാരോട് ഇത് സംബന്ധിച്ച് വഴക്കുണ്ടാക്കുമായിരുന്നു.

തിങ്കളാഴ്ച്ച വീട്ടുകാര്‍ പുറത്ത് പോയനേരം നായ കെട്ടഴിച്ചോടി തീരത്ത് വച്ചിരുന്ന സുനിലിന്റെ വളളത്തിനടിയിലെത്തി കിടക്കുകയായിരുന്നു. ഈ സമയത്ത് അവിടെയെത്തിയ സുനിലുള്‍പ്പെട്ട മൂന്നംഗ സംഘം നായയെ വലിയ ചൂണ്ടയുപയോഗിച്ച് നെഞ്ചില്‍ കൊളുത്തി. തുടര്‍ന്ന് വളളത്തില്‍ കെട്ടിത്തൂക്കിയിട്ടു. തുടര്‍ന്ന് വലിയ കാറ്റാടിയുടെ തടിയുപയോഗിച്ച് നായയെ അടിച്ചു. തലയിലും വയറിലും കാലിലും നിര്‍ത്താതെയുളള അടിയേറ്റ് നായയുടെ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലായി. മരണവെപ്രാളത്തില്‍ കൈകാലിട്ടടിച്ച നായയെ വീണ്ടും തടികൊണ്ടടിച്ചു.

ഈ ദൃശ്യങ്ങള്‍ സംഘത്തിലെ 17-കാരന്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ചൂണ്ടയോടെ നായയെ വലിച്ചിഴച്ച് കടലില്‍ താഴ്ക്കുകയായിരുന്നുവെന്നാണ് മൂന്നംഗ സംഘം പൊലീസിന് നല്‍കിയ മൊഴി. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിഴിഞ്ഞം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ ജി രമേശ്, എസ് ഐ സി ബി രാജേഷ് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ അടിമലത്തുറയില്‍ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരെ നടത്തുന്ന ക്രൂരതയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here