നായയെ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവം;  പ്രതികളെ അറസ്റ്റ് ചെയ്തു 

അടിമലത്തുറയില്‍ നായയെ കെട്ടിത്തൂക്കിയിട്ട് തല്ലി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. അടിമലത്തുറ സ്വദേശികളായ സില്‍വസ്റ്റര്‍ ,സുനില്‍ അടക്കം മൂന്ന് പേരാണ് പിടിയിലായത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

 തിങ്കളാഴ്ച്ച രാവിലെയാണ് വി‍ഴിഞ്ഞം അടിമലത്തുറയില്‍ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്.  ചൂണ്ടയില്‍ കൊളുത്തിയ ശേഷം വളളത്തില്‍ തൂക്കിയിട്ട് കാറ്റാടിയുടെ തടിയുപയോഗിച്ച് നായയെ അടിക്കുകയായിരുന്നു.

തലയിലും വയറിലും കാലിലും നിർത്താതെയുളള അടിയേറ്റ് നായയുടെ വായിലൂടെ രക്തം വാർന്ന് അവശനിലയിലായി. മരണവെപ്രാളത്തിൽ കൈകാലിട്ടടിച്ച  ദൃശ്യങ്ങൾ സംഘത്തിലെ 17-കാരൻ തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയോടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

അടിമലത്തുറ സ്വദേശികളായ സുനിൽ  സിൽവസ്റ്റർ  എന്നിവരെയും ഇവർക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. നായയെ വലിച്ചിഴച്ച് കടലിൽ താഴ്ക്കുകയായിരുന്നുവെന്നാണ് മൂന്നംഗ സംഘം പൊലീസിന് നൽകിയ മൊഴി. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിഴിഞ്ഞം പൊലീസ് കേസെടുത്തത്.  സോണി എന്നൊരാളുടെ ലാബര്‍ഡോര്‍ വിഭാഗത്തില്‍പ്പെട്ട  ബ്രൂണോ എന്ന നായയെ ആണ് ക്രൂരമായി കൊന്നത്. പ്രതിയായ സുനിലിന്‍റെ വളളത്തിന് താ‍ഴെ നായ കിടക്കുന്നതിനെ ചൊല്ലിയുളള വ‍ഴക്കാണ് ഈ ക്രൂരമായ സംഭവത്തിലേക്ക് നയിച്ചത്.

വിഴിഞ്ഞം ഇൻസ്‌പെക്ടർ ജി.രമേശ്,എസ്.ഐ. സി.ബി. രാജേഷ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ അടിമലത്തുറയിൽ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവർക്കെതിരെ മൃഗങ്ങൾക്കെതിരെ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here