കണ്ണൂര്‍ ശൈലിയില്ല, ദളിതനാണ് തഴയപ്പെട്ടതില്‍ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ്

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ പരിഗണിക്കാത്തതില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്.
കെ സുധാകരനൊപ്പം കെപിസിസി അധ്യക്ഷ പദവിയില്‍ അവസാനം നിമിഷം വരെ പരിഗണച്ചിരുന്ന പേരായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റേത്.

പക്ഷെ സുധാകരനായി സോഷ്യമീഡിയാ കാമ്പയില്‍ ശക്തമായതോടെ കൊടിക്കുന്നില്‍ പിന്തള്ളപ്പെട്ടു. സുധാകരന്‍ അനുകൂലികള്‍ വലിയ രീതിയിലുള്ള കടന്നാക്രമണമാണ് കൊടിക്കുന്നിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. നേതാക്കളുടെ പിന്തുണയോടെ നടത്ത ഈ സൈബര്‍ ആക്രമണത്തെക്കുറിച്ചാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചിരിക്കുന്നത്.

‘കെ.പി.സി.സി പ്രസിഡന്റാകാന്‍ എല്ലാ യോഗ്യതയും ഉള്ളതു കൊണ്ടാണ് അതിനായി ശ്രമിച്ചത്, എന്നാല്‍ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണ്. ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു. വിദേശത്തു നിന്ന് സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഏറ്റവും കൂടുതല്‍ ആക്രമിച്ചത്. നവോത്ഥാനമൊക്കെ നടന്ന സംസ്ഥാനമാണല്ലോ എന്ന പ്രതീക്ഷ അവസാനിച്ചു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായ ഘട്ടത്തില്‍ത്തന്നെ കെ സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയ്ക്ക് ഇത്രയ്ക്ക് കരുത്തുണ്ടെന്ന് ഞാനറിഞ്ഞില്ല. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് സഹായിക്കുന്ന ഏജന്‍സികള്‍ ഈടാക്കുന്നത് ഭീമമായ തുകയാണ്. അത്രയും തുക മുടക്കാന്‍ എനിക്ക് ശേഷിയില്ല.

കണ്ണൂര്‍ മോഡല്‍ ആക്രമണോത്സുക ശൈലിയല്ല എന്റേത്. താഴെ തട്ടില്‍ ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് അവരുമായി ഇടപഴകി പ്രവര്‍ത്തിക്കുന്നതാണ് എന്റെ ശൈലി. അതുകൊണ്ടാണ് ഏഴു തവണ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന നേതൃത്വം വരണമെന്ന് വലിയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് കരുതിയിട്ടുണ്ടാവണം. അതിനര്‍ത്ഥം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതായി എന്നല്ല.

പ്രായമാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന് അനുകൂല ഘടകമായത്. 74 കാരനായ കെ. സുധാകരന് ഇനിയൊരു അവസരം ഉണ്ടാവില്ലെന്ന് ഹൈക്കമാന്റ് കണക്കുകൂട്ടി. 59 കാരനായ എനിക്ക് ഇനിയും അവസരമുണ്ടല്ലോ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എ. കെ. ആന്റണിയേയും രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും കെ. സി. വേണുഗോപാലിനേയും അവരുടെ സംഭാവനകള്‍ മറന്ന് ഫാന്‍ ക്ലബുകാര്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു.

പ്രതിപക്ഷ നേതാവായി തുടരാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതു സംബന്ധിച്ച ആശയ വിനിമയത്തില്‍ സംഭവിച്ച പിശകാണ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കാരണം എന്നാണ് മനസ്സിലാക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും പരാജയപ്പെട്ട പ്രതിപക്ഷ നേതാവായിരുന്നില്ല രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി നടേശനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശത്രുവായി കണ്ടു. അതിന്റെ നേട്ടം കിട്ടിയത് ബി.ജെ.പിക്കും സി.പി.എമ്മിനുമാണ്. ഈഴവ സമുദായത്തില്‍ നിന്ന് പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലാതായി.

ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരും. ദേശീയ തലത്തില്‍ ഒന്നാമത്തെ ശത്രു ബി.ജെ.പിയാണെന്ന ബോധ്യം ഉണ്ടാവണം. കേരളത്തിലെ മുഖ്യ എതിരാളി സി.പി.എം തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടികളെയും പാര്‍ട്ടിയിലെ തലമുറ മാറ്റത്തെയും കുറിച്ച് വിശദമായി കൊടിക്കുന്നില്‍ സുരേഷ് അഭിമുഖത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News