പൗരത്വ പ്രക്ഷോഭം: മതിയായ തെളിവുകളില്ലാത്തതിനാല്‍ അഖില്‍ ഗൊഗോയി മുഴുവന്‍ കേസുകളിലും കുറ്റവിമുക്തന്‍

പൗരത്വ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അസം എം എല്‍ എ അഖില്‍ ഗൊഗോയിയെ മുഴുവന്‍ കേസുകളില്‍നിന്നും കുറ്റവിമുക്തനാക്കി. 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അസമിലുണ്ടായ വ്യാപക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് എന്‍ ഐ എ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഒരു കേസില്‍ ഗൊഗോയിയെ കോടതി വെറുതെവിട്ടിരുന്നു.

അസമിലെ കര്‍ഷക നേതാവ് കൂടിയായ അഖില്‍ ഗൊഗോയിക്കും മറ്റ് മൂന്നു നേതാക്കള്‍ക്കുമെതിരെ യു എ പി എ പ്രകാരമാണ് കേസെടുത്തിരുന്നത്. രണ്ടു കേസുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഒരു കേസില്‍ നാലുപേരെയും കഴിഞ്ഞ മാസം എന്‍ ഐ എയുടെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ബാക്കിയുള്ള ഒരു കേസില്‍കൂടി കുറ്റവിമുക്തനാക്കിയാണ് ഇന്ന് കോടതി വിധി വന്നിരിക്കുന്നത്.

ദിബ്രുഗഢിലെ ചാബുവ പൊലീസ് സ്റ്റേഷനിലും ഗുവാഹത്തിയിലെ ചാന്ദ്മാരി പൊലീസ് സ്റ്റേഷനിലുമാണ് ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നത്. അസമില്‍ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായിരുന്ന അക്രമസംഭവങ്ങളിലായിരുന്നു കേസ്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസ് ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മത-ജാതി സ്പര്‍ധ വളര്‍ത്തല്‍, ഭീകരവാദികളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങളാണ് ഗൊഗോയിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ചാബുവ കേസിലാണ് നേരത്തെ കോടതി വെറുതെവിട്ടത്. ഇന്ന് ചാന്ദ്മാരി കേസില്‍കൂടി കുറ്റവിമുക്തരാക്കുകയായിരുന്നു. ഗൊഗോയി ഇന്നുതന്നെ ജയില്‍മോചിതനായേക്കും. മറ്റു മൂന്നുപേര്‍ നേരത്തെ തന്നെ ജാമ്യത്തില്‍ പുറത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News