ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നൈപുണി പോഷണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

ഉന്നത വിദ്യാഭ്യാസം നേടിയതും തൊഴില്‍ രഹിതരുമായ യുവജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നൈപുണി പരിശീലനം ഏര്‍പ്പെടുത്തി അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ ഒരുക്കുമെന്ന് തദ്ദേശ സ്വയഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സുസ്ഥിര വികസന സൂചികയില്‍ 2020-21 വര്‍ഷത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിന് നീതി ആയോഗ് നല്‍കിയ സുസ്ഥിര വികസന രേഖ ഏറ്റുവാങ്ങുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നീതി ആയോഗിലെ ഉപദേശക സന്‍യുക്ത സമദ്ദാര്‍ ഐ.എ.എസ് രേഖ കൈമാറി.

സുസ്ഥിര വികസന സൂചികയില്‍ കേരളം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 2018 മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് കേരളം മികവ് തെളിയിക്കുന്നുണ്ട്. വിശപ്പ് രഹിത പദ്ധതി, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗനീതി, ശുദ്ധമായ വെള്ളവും ശുചിത്വ പരിപാലനവും, സാര്‍വ്വത്രിക വൈദ്യുതീകരണം, സാമ്പത്തിക വികസനവും തൊഴില്‍ ലഭ്യതയും, വ്യവസായ രംഗത്തെ

നൂതനമായ ഇടപെടലുകള്‍, പാര്‍പ്പിട സൗകര്യം, മികവാര്‍ന്ന ക്രമസമാധാന പാലനം തുടങ്ങിയ സൂചികകളില്‍ കേരളം ഉയര്‍ന്ന റാങ്കിലാണ്. ആത്മഹത്യ നിരക്ക് കുറയ്ക്കല്‍, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, പൈപ്പ് വഴിയുള്ള ജലവിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് നീതി ആയോഗ് ഉപദേശക സന്‍യുക്ത സമദ്ദാര്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിലൂടെയും തുല്യത ഉറപ്പുവരുത്തുന്ന ക്യാമ്പയിനുകളിലൂടെയും മാനസീകാരോഗ്യം ഉറപ്പുവരുത്തുന്ന രീതിയില്‍ പിന്തുണ നല്‍കിയും ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരും പൊതുസമൂഹവും ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനദാതാക്കളുടെ മള്‍ട്ടി ടാസ്‌ക് സംഘങ്ങള്‍, വിപണന ശൃംഘല തുടങ്ങിയ തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവും നിക്ഷേപ സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് സര്‍ഗാത്മക വികസന സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

സുസ്ഥിര വികസന പദ്ധതികള്‍ ഏകോപിപ്പിക്കുന്ന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അനുപമ ഐ.എ.എസ്, അലന്‍ ജോണ്‍, സൗമ്യ ഗുഹ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News