കോഴിക്കോട് ന്യൂജൻ മയക്കുമരുന്നുമായി 4 പേര്‍ പിടിയിൽ

ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ പിടിയിൽ . പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദേശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരാണ് 7.5 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്.

മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസബ എസ്.ഐ. ശിവപ്രസാദിന്റെ നേതൃത്ത്വത്തിലുള്ള കസബ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് സംഘം പിടിയിലായത്.

മാങ്കാവും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സിറ്റിയിൽ നാല് മാസത്തിനിടയിൽ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ പിടികൂടിയത്.

വർഷങ്ങളായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മയക്ക്മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്. മയക്ക്മരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ നേരം വൈകിയും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നു നാട്ടുകാർ പറയുന്നത്.

ഇവർക്ക് മയക്ക്മരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെ കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സർക്കിൾ ഇൻസ്പെക്ട്ടർ യു. ഷാജഹാൻ പറഞ്ഞു.

ഗോവ ,ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്ഗ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്ക് ഡിജെ പാർട്ടികൾക്ക് പോവുന്ന യുവാക്കൾ ഡ്രഗ്ഗ് മാഫിയയുമായി പരിചയത്തിലാവുകയും പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായി പലരും ഏജന്റ്മാരായി മാറുകയാണ് പതിവ്. ഇവിടങ്ങളിൽനിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരികയുമാണ് പതിവ് .യുവാക്കളെയും വിദ്യാർത്ഥികളെയുമാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്.

കസബ സറ്റേഷനിലെ എ.എസ്.ഐ. സാജൻ പുതിയോട്ടിൽ എസ്.സി.പി.ഒ. മനോജ് ,കെ.ജി.എച്ച്. ചന്ദ്രൻ സി.പി.ഒ.വിഷ്ണു ഡാൻ സാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി , എം സജി, എസ്.സി.പി.ഒ അഖിലേഷ് കെ,ജോമോൻ , സി.പി.ഒ എം. ജിനേഷ് എന്നിവരടങ്ങിയ സംഘം മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here