മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ‘സമുദ്ര’ പദ്ധതിയുമായി ഫിഷറീഷ് വകുപ്പ്

തലസ്ഥാന ജില്ലയിലെ മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് മീനുമായി സൗജന്യ യാത്രയ്ക്ക് അവസരം ഒരുക്കി കെഎസ്ആര്‍ടിസി. സമുദ്ര എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്നാണ് ‘സമുദ്ര’ എന്ന പേരില്‍ സൗജന്യ യാത്ര പദ്ധതി ഒരുക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, കെഎസ്ആര്‍ടിസി എംഡി ഡോ. ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് തീരുമാനം. ഇതിനായി 3 ബസ്സുകളില്‍ ആവശ്യമായ രൂപമാറ്റം വരുത്തി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന തരത്തില്‍ തിരുവന്തപുരം ജില്ലയില്‍ യാത്രാസൗകര്യം ഒരുക്കുന്നതിന് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു

മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക് പോസ്റ്റ്

മത്സ്യവില്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് പങ്കുവെയ്ക്കാനുള്ളത്, തിരുവനന്തപുരം ജില്ലയിലാണ് മത്സ്യ വില്പന നടത്തുന്ന വനിതകള്‍ ഏറ്റവുമധികമുള്ളത്. ഇവര്‍ക്ക് പലപ്പോഴും ബസുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോള്‍ അമിത കൂലി ഉള്‍പ്പടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുണ്ടാവാറുണ്ട്.

ഇത് മനസ്സിലാക്കിയാണ് ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് ‘സമുദ്ര’ എന്ന പേരില്‍ മത്സ്യ വില്പനക്കാരായ വനിതകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവും, കെഎസ്ആര്‍ടിസി എം.ഡി. ഡോ. ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് തീരുമാനിച്ചത്. ഇതിനായി 3 ബസ്സുകളില്‍ ആവശ്യമായ രൂപമാറ്റം വരുത്തി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന തരത്തില്‍ തിരുവന്തപുരം ജില്ലയില്‍ യാത്രാസൗകര്യം ഒരുക്കുന്നതിന് സജ്ജമാക്കും.

ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി ഒരു ബസ്സിന് പ്രതിവര്‍ഷം 24 ലക്ഷം എന്ന ക്രമത്തില്‍ 3 ബസ്സുകള്‍ക്ക് പ്രതിവര്‍ഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തുന്നതാണ്.
മത്സ്യ വില്പനയില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മാത്രം യാത്ര സൗജന്യമായിരിക്കും.

ഒരു വാഹനത്തില്‍ 24 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏര്‍പ്പെടുത്തുന്നതാണ്. പദ്ധതി ഓഗസ്റ്റ് ആദ്യവാരത്തില്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ചേംബറില്‍ നടന്ന യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ഡോ.ബിജു പ്രഭാകര്‍ ഐ എ എസ്, ഫിഷറീസ് ഡയറക്ടര്‍ ലത ഐ എ എസ്, വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here