യുവമോർച്ച കമ്മറ്റികൾ ഒന്നാകെ രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ നിന്നും കൂട്ടരാജി തുടങ്ങി. ബത്തേരി മണ്ഡലത്തിലെ നാല് കമ്മറ്റികളുടെ പ്രസിഡന്റുമാർ രാജിസന്നദ്ധത അറിയിച്ച് മണ്ഡലം പ്രസിഡന്റിന് കത്ത് നൽകി. കോഴവിവാദത്തിൽ പുകയുന്ന ബിജെപിയിലെ ആഭ്യന്തര കലഹം ഇതോടെ വൻ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
ബിജെപി ബത്തേരി നഗരസഭാ പ്രസിഡന്റ് കെ എൻ സജികുമാർ, നൂൽപ്പുഴ പഞ്ചായത്ത് ജന.സെക്രട്ടറി പി കെ പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പി അനിൽ, ചീരാൽ പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവരാണ് രാജിക്കത്ത് നൽകിയത്.
ജില്ലയിലെ പല പഞ്ചായത്ത് കമ്മറ്റികളും നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളിലും ഏകപക്ഷീയ നടപടികളിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്തു പോകുന്നവർ പറയുന്നത്.ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, മേഖലാ സെക്രട്ടറി കെ സദാനന്ദൻ എന്നിവർക്കെതിരെ നടപടി ഒരു വിഭാഗം ആവശ്യപ്പെടുന്നു.
യുവമോർച്ച പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, മണ്ഡലം പ്രസിഡന്റ് എം എൻ ലിലിൽ കുമാർ എന്നിവരെ സംഘടനയിൽനിന്ന് പുറത്താക്കിയതോടെ തുടരുന്ന രാജികളിൽ ഇടപെടാൻ പോലുമാവാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം. തെറ്റു ചെയ്തവരേയാണ് നേതൃത്വം സംരക്ഷിക്കുന്നതെന്ന് ബത്തേരി നഗരസഭ ബി ജെ പി പ്രസിഡന്റ് സജി കുമാർ പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും 12 കമ്മറ്റികളും കഴിഞ്ഞയാഴ്‌ച രാജിവച്ചത് ബിജെപിക്ക് കനത്ത ആഘാതമായിരുന്നു.
തെരഞ്ഞടുപ്പിന് ജില്ലയിൽ ബിജെപി ഒന്നേകാൽ കോടിയോളം രൂപ എത്തിച്ചെന്നാണ് പ്രവർത്തകർ പറയുന്നത്. ഇതിൽ 25 ലക്ഷം സി കെ ജാനുവിന് പ്രശാന്ത് മലവയൽ ബത്തേരി മണിമല ഹോംസ്‌റ്റേയിൽ വച്ച് നല്‍കിയതായി ജെആർപി നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു.
നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പോസ്‌റ്റുകളും കമന്റുകളുമായി സോഷ്യൽ മീഡിയകളിലും പോര് രൂക്ഷമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.