പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബിജെപി പ്രതിഷേധം,ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻഘർ നയപ്രഖ്യാപന പ്രസംഗം നിർത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ബിജെപി എംഎൽഎമാർ സർക്കാരിനെതിരേ പ്രതിഷേധമുയർത്തുകയായിരുന്നു.തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച ബിജെപി അംഗങ്ങൾ ബഹളം വെക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു.

വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎൽഎമാർ സഭാ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്. തുടർന്ന് അഞ്ചുമിനിട്ടോളം ഗവർണർ പ്രസംഗം നിർത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി.

തുടർന്ന് ഗവർണർ പ്രസംഗം നിർത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സ്പീക്കർ ബിമൻ ബാനർജിയും മുഖ്യമന്ത്രി മമതാ ബാനർജിയും അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയം ബിജെപി എംഎൽഎമാർ പ്രതിഷേധം തുടർന്നെങ്കിലും അവരും ഗവർണർക്ക് പിന്നാലെ വാക്കൗട്ട് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel