സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം: കോഴിക്കോ‌ട് ഒരാൾ അറസ്റ്റിൽ,പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട് ജില്ലയിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി.സി.പി സ്വപ്നിൽ എം. മഹാജൻ. ഒരാൾ അറസ്റ്റിലായ‌ കേസിൽ രണ്ടു പേർ ഒളിവിലാണ്.

അറസ്റ്റിലായയാളിൽ നിന്ന് 713 സിം കാർഡുകൾ പിടിച്ചെടുത്തതായും ഡി.സി.പി പറഞ്ഞു. ഇത്രയും സിമ്മുകൾ ഇവരെങ്ങനെ വാങ്ങിയെന്നും ഭീകരബന്ധമുൾപ്പടെയുള്ള കാര്യങ്ങളും ‌അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

കഴിഞ്ഞ ദിവസമാണ് ടെലികോം വിഭാഗമറിയാതെ വിദേശത്തുനിന്നുൾപ്പെടെ നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോൺ കോളുകൾ ലഭ്യമാവുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കോഴിക്കോട്ട് കണ്ടെത്തിയത്. ഇൻറലിജൻസ് ബ്യൂറോയുടെ (ഐ.ബി) പരിശോധനയിൽ കസബ പൊലീസ് പരിധിയിലെ ചിന്താവളപ്പിലെ യശോദ ബിൽഡിങ്ങിലാണ്​ ആദ്യ കേന്ദ്രം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ ശാരദാമന്ദിരം സ്വദേശി കച്ചേരിക്കുഴിൽ ആഷിഖ് മൻസിലിൽ ജുറൈസിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയറ കെ.എം.എ ബിൽഡിങ്, മൂരിയാട്ടെ കെട്ടിടം, മാങ്കാവിലെ വി.ആർ.എസ് കോംപ്ലക്സ്, കുണ്ടായിത്തോട്ടിലെ സന്തോഷ് ബിൽഡിങ്, പുതിയറ ശ്രീനിവാസ ലോഡ്ജിന് സമീപത്തെ കെട്ടിടം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളിൽ നിന്നും ചില ഉപകരണങ്ങളും നിരവധി സിം കാർഡുകളും കണ്ടെത്തി.

അടുത്തിടെ ബംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവർത്തനമടക്കം സംശയിക്കപ്പെട്ട ഈ കേസിൽ പിടിയിലായവരിൽ ചിലർക്ക് മലയാളികളുമായി ബന്ധമുള്ളതായും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കോഴിക്കോട്ടും സമാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതെന്നാണ് സൂചന.

ചിന്താവളവിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള മുറിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി എത്ര കോളുകൾ ആർക്കൊക്കെ എപ്പോഴൊക്കെ വിളിച്ചുവെന്നും ഇത് ആരംഭിച്ചത് എപ്പോഴാണെന്നും സ്ഥിരം വിളിക്കുന്നതാരെയെല്ലാമാണെന്നും കണ്ടെത്തിയാൽ മാത്രമേ ദുരൂഹതകളുടെ ചുരുളഴിയൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News