യൂറോ കപ്പ്: ക്വാര്‍ട്ടറില്‍ ഇന്ന് പോരാട്ടം ബെല്‍ജിയവും സ്‌പെയിനും തമ്മില്‍

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് വമ്പന്‍ പോരാട്ടം. കിരീടസാധ്യത കല്പിക്കപ്പെടുന്ന ബെല്‍ജിയവും ഇറ്റലിയും തമ്മിലാണ് ഇന്ന് മത്സരം. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30ന് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ട് അലിയന്‍സ് അരീനയിലാണ് മത്സരം. ഇരു ടീമുകളും അതാത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ എത്തുകയും ഒരു ഗോള്‍ വ്യത്യാസത്തില്‍ എതിരാളികളെ കീഴടക്കി ക്വാര്‍ട്ടര്‍ സീറ്റ് ബുക്ക് ചെയ്തവരുമാണ്. ബെല്‍ജിയം പോര്‍ച്ചുഗലിനെ കീഴടക്കിയപ്പോള്‍ ഇറ്റലി ഓസ്ട്രിയയുടെ കടുത്ത വെല്ലുവിളി അതിജീവിക്കുകയായിരുന്നു.

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും 31 മത്സരങ്ങളായി തോല്‍വി അറിയാതെ കുതിയ്ക്കുന്ന ഇറ്റലിയും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിനാണ് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ട് അലിയന്‍സ് അരീന സാക്ഷ്യം വഹിക്കുക.

രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാവും ഇന്ന് ബെല്‍ജിയം ഇറങ്ങുക. മിഡ്ഫീല്‍ഡ് എഞ്ചിന്‍ കെവിന്‍ ഡിബ്രുയിനെയും എയ്ഡന്‍ ഹസാര്‍ഡും പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ പരുക്കേറ്റ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല. ഹസാര്‍ഡും ഡി ബ്രുയ്‌നെയും കളിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ അത് ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയാവും. ഇറ്റാലിയന്‍ നിരയില്‍ പരിക്ക് ഭീഷണിയില്ല. അതുകൊണ്ട് തന്നെ കരുത്തുറ്റ സ്‌ക്വാഡിനെയാവും പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനി കളത്തിലിറക്കുക.

പ്രധാന ടൂര്‍ണമെന്റുകളില്‍ ഇതിനു മുന്‍പ് നാല് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ അവര്‍ക്കായില്ല. മൂന്ന് മത്സരങ്ങളില്‍ ഇറ്റലി വിജയിച്ചപ്പോള്‍ ഒരെണ്ണം സമനില ആയി.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30ന് റഷ്യയിലെ ഗാസ്‌പ്രോം അരീനയിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്ലോവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുക്കിയ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ക്വാര്‍ട്ടറിലെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആവട്ടെ, ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയ ടീമാണ്.

ഫ്രാന്‍സിനെതിരെ കളം നിറഞ്ഞുകളിച്ച് വിജയശില്പിയായ ക്യാപ്റ്റന്‍ ഗ്രാനിക് സാക്ക ഇന്ന് സ്‌പെയിനെതിരെ കളിക്കില്ലെന്നത് സ്വിറ്റ്‌സര്‍ലന്‍ഡിന് വലിയ തിരിച്ചടിയാണ്. ഇത് മുതലെടുത്ത് സെമി ഉറപ്പിക്കാനാവും സ്‌പെയിന്റെ ശ്രമം. 22 തവണ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഏറ്റുമുട്ടിയ സ്‌പെയിന്‍ ഒരേയൊരു തവണ മാത്രമാണ് പരാജയപ്പെട്ടത്. 16 മത്സരങ്ങളില്‍ സ്‌പെയിന്‍ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News