മലയാള കവിതയിൽ അടിമക്കാലം അവസാനിച്ചുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാള കവിതയില്‍ അടിമക്കാലം അവസാനിച്ചുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ക്ലബ്ഹൗസില്‍ രണ്ടായിരത്തോളം പുതുകവിതകള്‍ കേട്ടുവെന്നും എന്നാല്‍ പലതും ഞാന്‍ കേട്ടിട്ടുപോലും ഇല്ലാത്ത കവിതകളാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ്ഹൗസിലെ ഇക്കഴിഞ്ഞ രണ്ടാഴ്ചക്കാലം വിപുലമായ ഒരു കവിവംശത്തെ എനിക്കു പരിചയപ്പെടുത്തിയെന്നും ഈ പുതിയ കാവ്യപ്രപഞ്ചത്തെ വിലയിരുത്താന്‍ എന്റെ പഴയ ഭാവുകത്വത്തിനു കെല്‍പ്പുപോരായെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.

ഈ അടിമക്കാലത്തെ അവസാനിപ്പിച്ച് മലയാളകവിതയില്‍ ഒരു പുതിയ തലമുറ പിറന്നതു കണ്ടുകൊണ്ടു ചാവാന്‍ എന്നെപ്പോലുള്ള വയസ്സന്മാര്‍ക്കു ഭാഗ്യമുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ക്ലബ്ഹൗസില്‍ രണ്ടാഴ്ച.

സുഹൃത്തായ കവി ശിവകുമാര്‍ അമ്പലപ്പുഴയാണ് ക്ലബ്ഹൗസിലെ കാവ്യലോകം എനിക്കു
പരിചയപ്പെടുത്തിയത്.

മലയാളത്തിലെ പുതിയ കവിതകളുമായി എനിക്കു വേണ്ടത്ര പരിചയമില്ല. എല്ലാ പുതിയ കവികളെയും എനിക്കറിയില്ല. ഫെയ്‌സ്ബുക്കില്‍ ഞാനില്ലാത്തതിനാല്‍ ഫെയ്‌സ്ബുക്കിലെ കവികളെയും അറിയില്ല.(ഞാന്‍ ഗുരുവോ മാഷോ അല്ലാത്തതിനാല്‍ ശിഷ്യപ്പെടാന്‍ വരുന്നവരെയൊന്നും അടുപ്പിക്കാറുമില്ല. ആശ്രിതകവികളെ വളര്‍ത്തി വലുതാക്കുന്ന പണിയും എനിക്കില്ല.)

കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ക്ലബ്ഹൗസില്‍ രണ്ടായിരത്തോളം പുതുകവിതകള്‍ കേട്ടു. എനിക്ക് ഒരു പരിചയവുമില്ലാത്ത കവികള്‍. പേരുപോലും മുമ്പു കേട്ടിട്ടില്ലാത്ത കവികള്‍. ക്ലബ്ഹൗസിലെ ഇക്കഴിഞ്ഞ രണ്ടാഴ്ചക്കാലം വിപുലമായ ഒരു കവിവംശത്തെ എനിക്കു പരിചയപ്പെടുത്തി.

ഈ പുതിയ കാവ്യപ്രപഞ്ചത്തെ വിലയിരുത്താന്‍ എന്റെ പഴയ ഭാവുകത്വത്തിനു കെല്പുപോരാ. അതിനാല്‍ ഞാന്‍ മൂല്യനിര്‍ണ്ണയമൊന്നും നടത്തുന്നില്ല.

കഥയിലും നോവലിലുമൊന്നുമില്ലാത്ത ഒരശ്ലീലം മലയാളകവിതയില്‍ പണ്ടേയുണ്ട്. ഗുരുഭൂതങ്ങള്‍. സ്വന്തം നിലയില്‍ വായനക്കാരുടെ അംഗീകാരം നേടാന്‍ കഴിവില്ലാത്ത കവികള്‍ പ്രശസ്തിയും സാംസ്‌കാരികാധികാരവും ഉള്ള, ആചാര്യപദദുര്‍മ്മോഹിയായ ഏതെങ്കിലും ഒരു കവിയുടെ ശിഷ്യ/ശിഷ്യന്‍ ആയി കൂടി, അയാളുടെ മേല്‍നോട്ടത്തില്‍ കവിതയെഴുതി, അയാളുടെ അംഗീകാരത്തോടെയും സഹായത്തോടെയും
കവിപദവി തേടുന്ന അശ്ലീലം.

ഇത്തരം ഗുരുക്കന്മാരാകട്ടെ, ഈ ശിഷ്യഗണത്തെ സ്വന്തം വൈതാളികവൃന്ദമായും, പല്ലക്കു ചുമട്ടുകാരായും,
തന്റെ ആചാര്യപദവിയെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാനുള്ള കൂലിപ്പടയായും ഉപയോഗിച്ചുപോന്നു.

ഈ അടിമക്കാലത്തെ അവസാനിപ്പിച്ച് മലയാളകവിതയില്‍ ഒരു പുതിയ തലമുറ പിറന്നതു കണ്ടുകൊണ്ടു ചാവാന്‍ എന്നെപ്പോലുള്ള വയസ്സന്മാര്‍ക്കു ഭാഗ്യമുണ്ടായിരിക്കുന്നു.

ഒരു ഗുരുവിനും ശിഷ്യപ്പെടാന്‍ തയ്യാറല്ലാത്ത, ഒരാചാര്യനോടും വിധേയത്വമില്ലാത്ത, ആരുടെയും ഭാവുകത്വത്തിന്റെ അടിമയല്ലാത്ത, ആരുടെയും കൂലിത്തല്ലുകാരല്ലാത്ത ഒരു പുതിയ തലമുറ അവര്‍ക്കു തോന്നുന്നതൊക്കെ തോന്നുന്നപോലെ എഴുതി മലയാള കവിതയില്‍ മുന്നേറുന്നു. സ്ത്രീകവികളാണ് ആവേശത്തോടെ
മുന്നണിയില്‍.

അവര്‍ തങ്ങളെ ഉപദേശിക്കാനും തിരുത്താനും എഡിറ്റുചെയ്യാനും നയിക്കാനും വരുന്ന ഗുരുഭൂതങ്ങളെ, ‘ഈ തന്തക്കൊരണ്ടികളെ ഞങ്ങള്‍ക്കു വേണ്ട’ എന്നു തിരസ്‌കരിക്കുന്നു. ഹാ. എന്തു രസം.

ആചാര്യത്തന്തമാരുടെ ക്ലാസ്സില്‍ കേറാത്ത ഈ കവികളുടെ അത്ഭുതലോകത്തേക്ക് എന്നെ നയിച്ച ശിവകുമാര്‍ അമ്പലപ്പുഴയ്ക്ക് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News