ADVERTISEMENT
കാഴ്ചക്കാരുടെ മിഴികളും മനസ്സും നിറയ്ക്കുന്ന കാഴ്ചയാണ് അട്ടപ്പാടി നരസിമുക്കില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. അട്ടപ്പാടി പ്ലാമരം നരസി മുക്കിലെത്തിയാല്‍ കാണാം… മനസ്സ് നിറക്കുന്ന വര്‍ണ്ണക്കാഴ്ച. കാറ്റിലാടിയും ഉലഞ്ഞും പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍.
കര്‍ഷകനായ പഴനി സ്വാമിയുടെ കൃഷിയിടത്തിലാണ് സൂര്യകാന്തിപ്പാടമുള്ളത്. രണ്ട് പതിറ്റാണ്ട് മുന്പ് വരെ അട്ടപ്പാടിയില്‍ സജീവമായിരുന്നു സൂര്യകാന്തി കൃഷി. കര്‍ഷകരുടെ അധ്വാനത്തിനും വിയര്‍പ്പിനും വിപണിയില്‍ അര്‍ഹമായ വില ലഭിക്കാതോടെ സൂര്യകാന്തിപ്പാടങ്ങള്‍ മറഞ്ഞു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് പഴനി സ്വാമി സൂര്യകാന്തി കൃഷി വീണ്ടും തുടങ്ങിയത്.
അഞ്ചേക്കര്‍ കൃഷി സ്ഥലത്തില്‍ 50 സെന്റ് സൂര്യകാന്തി കൃഷിക്കായി മാറ്റി വെച്ചു. ഭക്ഷ്യ എണ്ണയുടെ ഉത്പാദനത്തിനാണ് സൂര്യകാന്തി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നത്. പഴനി സ്വാമി സ്വന്തം ആവശ്യത്തിനാണ് സൂര്യകാന്തി കൃഷിയിറക്കിയിരിക്കുന്നത്.
ഒന്നര മാസം മുതല്‍ തുടങ്ങിയാല്‍ നാല് മാസം വരെ സൂര്യകാന്തി വിളവെടുക്കാന്‍ കഴിയും. സൂര്യപ്രകാശം ലഭിക്കുന്ന അധികം മഴയില്ലാത്ത കാലാവസ്ഥയാണ് കൃഷിക്ക് ആവശ്യം. അട്ടപ്പാടിയുടെ കിഴക്കന്‍ മേഖലയില്‍ സൂര്യകാന്തി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. പൂത്തുലഞ്ഞ് നില്‍ക്കുന്ന പഴനി സ്വാമിയുടെ സൂര്യകാന്തിപ്പാടം കാണാന്‍ നിരവധി പേരെത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.