യൂറോ കപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍ -ഇറ്റലി സെമി ഫൈനല്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പെയിന്‍ -ഇറ്റലി സെമി ഫൈനല്‍. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലണ്ടിനെയും ഇറ്റലി ബെല്‍ജിയത്തെയും തോല്‍പിച്ചു. ചൊവ്വാഴ്ച രാത്രി 12:30 നാണ് ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും പെനാല്‍ട്ടി ഷൂട്ടൗട്ടിലും കണ്ണഞ്ചിപ്പിക്കുന്ന ‘സൂപ്പര്‍മാന്‍’ സേവുകള്‍: ഇക്കുറി ഷൂട്ടൗട്ട് ഭാഗ്യം സ്വിസ് ടീമിനെ തുണച്ചില്ലെങ്കിലും ‘പറക്കും ഗോളി’ യാന്‍ സോമറിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ നമിച്ചത് സ്റ്റേഡിയം ഒന്നടങ്കമാണ്. മികച്ച പാസിംഗ് ഗെയിം പുറത്തെടുത്ത സ്‌പെയിന്‍ എട്ടാം മിനുട്ടില്‍ സ്വിസ്താരം ഡെന്നീസ് സാക്കറിയയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തി. ഷാക്കിരിയുടെ സംഘത്തിന്റെ പോരാട്ട വീര്യം രണ്ടാം പകുതിയില്‍ ഫലം കണ്ടു.

77 ആം മിനുട്ടില്‍ പരുക്കന്‍ കളിക്ക് സ്വിസ്താരം ഫ്രൂളര്‍ ക്ക് റെഡ്കാര്‍ഡ്. പത്ത് പേരായി ചുരുങ്ങിയിട്ടും സ്വിസ് പട തളര്‍ന്നില്ല. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും യാന്‍സോമര്‍ ‘പറക്കും പ്രകടനം ‘ പുറത്തെടുത്തപ്പോള്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്. ആദ്യകിക്കും മൂന്നാംകിക്കും പാഴാക്കിയിട്ടും ഗോള്‍കീപ്പര്‍ ഉനായ് സിമോണിലൂടെ സ്‌പെയിനിന്റെ ഉജ്വല തിരിച്ചു വരവ്.റോഡ്രിയുടെ കിക്ക് തട്ടിയകറ്റി ഷൂട്ടൗട്ടിലും പോരാട്ട വീര്യം തുടര്‍ന്ന് യാന്‍ സോമര്‍.

അക്കാന്‍ജിയും വര്‍ഗാസും പെനാല്‍ട്ടി പാഴാക്കിയതോടെ പ്രതീക്ഷ കൈവിട്ട് സ്വിസ് ടീം.ഒയാര്‍സബലിന്റെ ഗോളിലൂടെ 3-1ന് സ്വിസ് ടീമിനെ വീഴ്ത്തി ലൂയിസ് എന്‍ റീക്കേയുടെ സ്‌പെയിന്‍ യൂറോ കപ്പിന്റെ സെമി ഫൈനലില്‍. ബുഡാപെസ്റ്റില്‍ ലോക ചാമ്പ്യന്മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയ യാന്‍ സോമറുടെ സ്വിസ് സംഘത്തിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വീരോചിതമായ മടക്കം.

അലയന്‍സ് അരീനയിലും അസൂറിപ്പട അജയ്യത ആവര്‍ത്തിച്ചു. ബെല്‍ജിയത്തിനെതിരെ കില്ലീനിയുടെ സംഘം പുറത്തെടുത്തത് സൂപ്പര്‍ പ്രകടനമാണ്. ജോര്‍ഗീഞ്ഞോയും ബെറല്ലയും വെറാറ്റിയും കളി മെനഞ്ഞപ്പോള്‍ ഇമ്മൊബിലും ഇന്‍സിഗ്‌നയും കിയേസയും തുടരെ ബെല്‍ജിയം ഗോള്‍ മുഖത്ത് അപകടം വിതച്ചു.31 ആം മിനുട്ടില്‍ ബറെല്ലയിലൂടെ അസൂറികള്‍ മുന്നില്‍.

44 ആം മിനുട്ടില്‍ ഇന്‍സിഗ്‌നെയിലൂടെ ഇറ്റലി ലീഡ് ഉയര്‍ത്തി. ലുക്കാക്കുവിലൂടെയും ഡിബ്രൂയിനെയിലൂടെയും ബെല്‍ജിയത്തിന്റെ പ്രത്യാക്രമണം: ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ലോറന്‍സോ ഡോക്കുവിനെ ഫൗള്‍ ചെയ്തതിന് ബെല്‍ജിയത്തിന് അനുകൂലമായി പെനാല്‍ട്ടി . ലുക്കാക്കുവിന്റെ ഗോളിലൂടെ റെഡ് ഡെവിള്‍സിന്റെ പോരാട്ട വീര്യം.

രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താനായി അസൂറിപ്പടയും സമനില ഗോളിനായി ബെല്‍ജിയവും പോരാടിയപ്പോള്‍ ആവേശം പരകോടിയിലെത്തി.ലുക്കാക്കു-ഡിബ്രൂയിന്‍ ജോഡിയുടെ മുന്നേറ്റങ്ങള്‍ കില്ലീനി – ബൊനൂച്ചി സഖ്യം വിഫലമാക്കിയതോടെ അജയ്യരായി അസൂറിപ്പട അവസാന നാലിലേക്ക് .ചൊവ്വാഴ്ച രാത്രി 12:30 ന് വെംബ്ലിയില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ സ്‌പെയിനാണ് ഇറ്റലിയുടെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News