ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചവുമായി അട്ടപ്പാടിയിലെ അധ്യാപകര്‍

ആദിവാസി ഊരുകളിലടക്കമുള്ള മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമുറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. കിലോമീറ്ററുകള്‍ താണ്ടി പഠനോപകരണങ്ങളുമായി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്.

പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് ഉള്‍വനങ്ങളിലുള്ള ഊരുകളിലടക്കം സ്വന്തം കുട്ടികളെ തേടിയെത്തുന്നത്.

സാഹസികമാണ് യാത്ര… കാടും മേടും പു‍ഴയും കടന്ന് സ്വന്തം കുട്ടികളെ തേടി അധ്യാപകരെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ സ്കൂളിലെ അധ്യാപകരാണ് ഉള്‍വനങ്ങളിലെ ഊരുകളിലുള്‍പ്പെടെയെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നത്.

സ്കൂളില്‍ 90 ശതമാനവും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വിദൂര ഊരുകളില്‍ പലയിടത്തും മൊബൈല്‍ ഫോണിന് റെയ്ഞ്ച് പോലുമില്ല. ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഊരുകളിലേക്ക് അധ്യാപകര്‍ നേരിട്ടെത്തിയത്.

പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന ഇടവാണി, മേലെ ഇടവാണി ഊരുകളില്‍ അധ്യാപകരെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍  വിതരണം ചെയ്യുന്നതിനൊപ്പം ഊരിലുള്ളവര്‍ക്കായി ഭക്ഷ്യ കിറ്റും കൈമാറി. നേരത്തെ ചിത്രീകരിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു.

വരുംദിവസങ്ങളില്‍ ഭൂതാര്‍, സ്വര്‍ണ്ണഗദ്ദ ഉള്‍പ്പെടെയുള്ള ഊരുകളിലെ വിദ്യാര്‍ത്ഥികളെ തേടിയും അധ്യാപകരെത്തും. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുന്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്ത ഒരു കുട്ടി പോലും സ്കൂളിലുണ്ടാവില്ല. കരുതലോടെ ചേര്‍ത്ത് പിടിച്ച് ഉറപ്പുവരുത്തകയാണിവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here