എംജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍..

മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞന്‍; എംജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് 11 വര്‍ഷം.ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്റെ ലഹരിയില്‍ കൊണ്ടെത്തിച്ച സംഗീതത്തിലെ അതികായന്‍ എം.ജി രാധാകൃഷ്ണന്റെ 11-ാം ഓര്‍മദിവസമായിരുന്നു ഇന്നലെ.
തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ഈണങ്ങള്‍ മനസില്‍ കൊരുത്ത് ഒരു മനുഷ്യന്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും ആകാശവാണിയിലെത്തിയിട്ടുളളവര്‍ മറക്കാനിടയില്ലാത്ത കാഴ്ചയാണത്.

നിനച്ചിരിക്കാതെ നിലച്ചുപോയ സംഗീതസപര്യയുടെ ഓര്‍മകള്‍ക്ക് ഒരു വയസ് കൂടി ഏറിയിരിക്കുന്നു. എങ്കിലും, പ്രാണവായുവായി സംഗീതത്തെ ശ്വസിച്ച ലളിതഗാനങ്ങളുടെ ചക്രവര്‍ത്തിയില്‍ നിന്നുള്ള ഓരോ ഗാനങ്ങളും മരണമില്ലാതെ അനന്തതയില്‍ വിഹരിക്കുകയാണ്.ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്റെ ലഹരിയില്‍ എത്തിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞന്‍, എംജി രാധാകൃഷ്ണന്‍… മലയാളസാംസ്‌കാരിക രംഗത്ത് മുതല്‍ക്കൂട്ടായ ഗാനങ്ങളെയും ഗായകരെയും സമ്മാനിച്ച് 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലയവനികയിലേക്ക് പറന്നകന്ന മഹാരഥന്‍.

സിനിമാഗീതങ്ങള്‍ക്കും ശാസ്ത്രീയസംഗീതത്തിനും ലളിതഗാനങ്ങള്‍ക്കും കച്ചേരിസദസ്സുകള്‍ക്കും നിത്യയൗവനമായ സംഭാവനകള്‍ നല്‍കിയ എം.ജി രാധാകൃഷ്ണന്‍, ആലപ്പുഴയിലാണ് ജനിച്ചത്. ദക്ഷിണേന്ത്യയിലെ നാടകവേദികളില്‍ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞന്‍, മലബാര്‍ ഗോപാലന്‍ നായരുടെ സംഗീതയാത്രയെ പിന്തുടര്‍ന്ന മൂന്ന് മക്കളില്‍ മുതിര്‍ന്നവന്‍. എം.ജി രാധാകൃഷ്ണന്റെ അമ്മ ഹരികഥാ പ്രാവീണ്യം നേടിയ കമലാക്ഷിയമ്മയാണ്.

ഹരിപ്പാട് ബോയ്സ് സ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്ന കാലത്ത് എം.ജി, സംഗീതകച്ചേരികളുടെ സ്ഥിരം കാഴ്ചക്കാരനായി കൂടി. ആലപ്പുഴ എസ്ഡി കോളജില്‍ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് ചെയ്യുമ്പോള്‍ സംഗീതമാണ് തന്റെ ജീവിതയാത്രയെന്ന് അദ്ദേഹം മനസിലുറപ്പിച്ചിരുന്നു.തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളില്‍ പങ്കെടുത്തു. ഒപ്പം, 1962ല്‍ ആകാശവാണിയില്‍ തംബുരു ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് സംഗീതസംവിധായകനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.കാവാലം നാരായണപ്പണിക്കര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരോട് ചേര്‍ന്ന് ആകാശവാണിയില്‍ അദ്ദേഹം ലളിതഗാനങ്ങളുടെ ബൃഹത്തായ ശാഖ സൃഷ്ടിച്ചു. രാധയെ കാണാത്ത മുകില്‍ വര്‍ണനോ… പി ഭാസ്‌കരനെഴുതിയ മയങ്ങി പോയി ഒന്നു മയങ്ങി പോയീ, പ്രാണസഖീ നിന്‍ മടിയില്‍, ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ഘനശ്യാമസന്ധ്യാ ഹൃദയം…സംഗീതജ്ഞന്‍ മീട്ടിയ ഈണങ്ങളിലൂടെ പിറവിയെടുത്ത ലളിതഗാനങ്ങളാണിവ.

സിനിമയ്ക്കായി അദ്ദേഹം രചിച്ച ഈണങ്ങള്‍ പോലെ ജനപ്രിയമായിരുന്നു, കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെട്ട എം.ജിയുടെ ലളിതഗാനങ്ങളും.

1969ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ, കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ‘ഉണ്ണി ഗണപതിയെ’ ഗാനത്തിന്റെ പിന്നണി ഗായകനായി തുടക്കം കുറിച്ച എം.ജി രാധാകൃഷ്ണന്‍ അരവിന്ദന്റെ ‘തമ്പി’ലൂടെ ആദ്യ സംഗീതസംവിധാനം നിര്‍വഹിച്ചു. ഇതിനിടെ ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ആലപിച്ച ഗാനങ്ങളും ശ്രദ്ധ നേടി.ആലാപനത്തിലെ രാധാകൃഷ്ണന്റെ മറ്റ് ഗാനങ്ങള്‍ മാറ്റുവിന്‍ ചട്ടങ്ങളെ, മണിച്ചിത്രത്താഴിലെ അക്കുത്തിക്കുത്താനക്കൊമ്പില്‍, ശ്രീപാല്‍ക്കടലില്‍ തമ്പ് എന്നിവയാണ്. എങ്കിലും പാട്ടുകാരനായ എം.ജി രാധാകൃഷ്ണനേക്കാള്‍ ആസ്വാദകന് ഏറെ പ്രിയം അദ്ദേഹം സൃഷ്ടിച്ച ഈണങ്ങളെയും താളങ്ങളെയും രാഗങ്ങളെയുമായിരുന്നു.നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍… സൂര്യകിരീടം വീണുടഞ്ഞു…. പഴംതമിഴ് പാട്ടിഴയും… തിരനുരയും ചുരുള്‍ മുടിയില്‍… ചാമരത്തിലെയും ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും അദ്വൈതത്തിലെയും അനന്തഭദ്രത്തിലെയും പാട്ടുകള്‍ പോലെ എഴുപതുകളുടെ അവസാനം മുതല്‍ മലയാളത്തില്‍ സംഗീതവൃഷ്ടിയൊരുക്കുകയായിരുന്നു മഹാപ്രതിഭയായ സംഗീതജ്ഞന്‍.ഇതില്‍ മണിച്ചിത്രത്താഴിനായി, പഴമയുടെ സാന്ദ്രസ്പര്‍ശത്തോടെ ആഭേരി രാഗം ചേര്‍ത്ത ഈണങ്ങളാവട്ടെ എക്കാലത്തെയും ക്ലാസിക് ഗാനമാണെന്നും പറയാം.ഞാന്‍ ഏകനാണ് എന്ന ചിത്രം കൂടി പുറത്തിറങ്ങിയപ്പോള്‍ മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവെന്ന ഖ്യാതിയും എം.ജി സ്വന്തമാക്കി.

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ… നിഴല്‍ക്കൂട്ടിലെ നീല കിളി പൈതലേ പറയാതെ അറിയാതെ വഴിമാറി പോയോ…. ഒരു പൂവിതളിന്‍…. പൂമകള്‍ വാഴുന്ന… ലളിതസാന്ദ്രമായ സ്വരരാഗങ്ങളിലൂടെ എണ്‍പതിലധികം ചലച്ചിത്രങ്ങളിലാണ് സംഗീതജ്ഞന്‍ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ചമച്ചത്.യാനം, അഭയം, അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, നിധിയുടെ കഥ, പെരുവഴിയമ്പലം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതവും അദ്ദേഹത്തിന്റെ സംഗീതസപര്യയുടെ അടയാളങ്ങളാണ്. സംഗീതം സമ്മാനിച്ച ചക്രവര്‍ത്തി, സംഗീതത്തിലേക്ക് നല്‍കിയ സംഭാവനകളാണ് കെ.എസ് ചിത്ര, ജി.വേണുഗോപാല്‍, കെ.എസ് ബീന, അരുന്ധതി തുടങ്ങിയ അതികായ ഗായകര്‍.

മഹാരഥനൊപ്പം സംഗീതത്തിന്റെ പാത പിന്തുടര്‍ന്ന എം.ജി ശ്രീകുമാര്‍, കര്‍ണാടക സംഗീതജ്ഞ ഡോ.ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങള്‍. പത്മജയാണ് ഭാര്യ. 2020 ജൂണ്‍ 15ന് ഹൃദയാഘാതത്തെ തുടര്‍ന്ന് പത്മജ അന്തരിച്ചു. ചെന്നെയില്‍ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍.2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ല്‍ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്‌കാരം നേടിയത് അദ്ദേഹത്തിന്റെ സംഗീതപാടവത്തിനുള്ള ആദരവ് കൂടിയായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാല ചികിത്സയില്‍ ആയിരുന്ന എം.ജി രാധാകൃഷ്ണന്‍ 2010 ജൂലൈ രണ്ടിന് അന്തരിച്ചു.തന്റെ ഒടുവിലത്തെ ഗാനത്തിലൂടെ സംസ്ഥാന അംഗീകാരവും നേടി ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, എം.ജി രാധാകൃഷ്ണന്റ ഈണം ചാലിച്ച ഓരോ ഗാനങ്ങളും സുഗന്ധമുള്ള ഓര്‍മകളായും ഇവിടെ ശേഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News