കോപ്പ അമേരിക്ക: ബ്രസീല്‍ – പെറു സെമി ഫൈനല്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍- പെറു സെമി ഫൈനല്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ബ്രസീല്‍ ചിലിയേയും പെറു പരാഗ്വേയും തോല്‍പ്പിച്ചു.

ചിലിയുടെ പോരാട്ട വീര്യം കനറികള്‍ ഒരിക്കല്‍ കൂടി കണ്ടറിഞ്ഞ മത്സരം. നെയ്മറുടെ സാന്നിധ്യത്തില്‍ തുടരെത്തുടരെ മഞ്ഞപ്പട ചിലിയന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചെങ്കിലും പ്രതിരോധനിര നിശ്ചയദാര്‍ഢ്യം കൈവിട്ടില്ല. പ്രത്യാക്രമണവുമായി കനറികളുടെ നെഞ്ചിടിപ്പ് കൂട്ടി ചിലിയും. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം തികച്ചും നാടകീയമായിരുന്നു രണ്ടാം പകുതി. എങ്ങനെയെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യുകയെന്ന ടിറ്റെയുടെ തന്ത്രം വിജയം കണ്ടു. ആരാധകരെ ആവേശത്തേരിലാക്കി പകരക്കാരന്‍ ലൂയിസ് പക്വേറ്റയിലൂടെ 46ആം മിനുട്ടില്‍ ബ്രസീല്‍ മുന്നില്‍.

ഇതിനു തൊട്ടുപിന്നാലെ 48ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് കാടന്‍ ഫൗളിന് ചുവപ്പുകാര്‍ഡ് കണ്ടതോടെ ബ്രസീല്‍ 10 പേരിലേക്കു ചുരുങ്ങി. 62-ാം മിനുറ്റില്‍ ചിലി ബ്രസീല്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി. നെയ്മറുടെ ഒറ്റയാള്‍ മുന്നേറ്റം ചിലിയന്‍ ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും ഗോളിലെത്തിയില്ല. സമനില ഗോളിനായുള്ള ശ്രമങ്ങള്‍ക്ക് ബ്രസീലിയന്‍ ഗോളി എഡേഴ്‌സണ് പുറമെ ഭാഗ്യക്കേട് കൂടി തടയിട്ടതോടെ സാംബതാളക്കാര്‍ വിയര്‍ത്ത് സെമിയിലേക്ക്.

ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വയെ പരാജയപ്പെടുത്തി പെറു സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനായിരുന്നു പെറുവിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെറു ഗോള്‍ കീപ്പര്‍ പെഡ്രോ ഗല്ലസെയാണ് വിജയ ഹീറോ. ഓരോ താരങ്ങള്‍ വീതം. ചുവപ്പുകാര്‍ഡ് പുറത്തുപോയതിനാല്‍ 10 പേരുമായാണ് ടീമുകള്‍ മത്സരം പൂര്‍ത്തിയാക്കിയത്. സെമിയില്‍ പെറുവിന് എതിരാളി ബ്രസീലാണ്.കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി സെമിയില്‍ അരങ്ങേറുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News