രണ്ടാം തരംഗത്തിൻ്റെ പ്രതിസന്ധികൾ വിലങ്ങുതടിയായില്ല; അഞ്ച് രോഗികൾക്ക് ജീവിതമേകി പ്രകാശൻ മടങ്ങി

മഹാമാരിക്കാലത്തെ അവയവദാനസന്നദ്ധതയ്ക്ക് ഒരു ഉദാഹരണം കൂടി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കരുനാഗപ്പള്ളി, പട. നോർത്ത്, തറയിൽ ഹൗസിൽ  പ്രകാശൻ്റെ (50) കുടുംബമാണ് ഇത്തവണ സമൂഹത്തിന് മാതൃകയായത്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തെ ആദ്യ അവയവദാനമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

അവയവദാനത്തിനു സന്നദ്ധരായ കുടുംബാംഗങ്ങളെ അഭിനന്ദിച്ച ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് അവയവദാനപ്രകൃയ എത്രയും വേഗം  പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.  കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും മസ്തിഷ്ക മരണാനന്തര അവയവദാനത്തിന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.

പക്ഷാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയിൽ  പ്രവശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഗൃഹനാഥൻ്റെ വേർപാട് ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിലൂടെ മറ്റാർക്കെങ്കിലും ജീവിതം തിരിച്ചു നൽകാനാകുമോയെന്ന ചിന്ത പ്രസാദിൻ്റെ ഭാര്യ ഇന്ദുവും മക്കളായ പ്രിഥ്വി ദേവ്, പ്രഥ്യുദ് ദേവ് എന്നിവർ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവച്ചു.

കിംസ് ആശുപത്രിയിലെ ട്രാൻസ്‌പ്ലാൻ്റ് പ്രൊക്യുവർമെൻ്റ് മാനേജർ ഡോ മുരളീധരനോട് പ്രകാശൻ്റെ ബന്ധുക്കൾ ഇതേക്കുറിച്ച് ആരാഞ്ഞു.  കുടുംബാംഗങ്ങളുടെ വിശാല മനസിനെ അഭിനന്ദിച്ച അദ്ദേഹം സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ  ഡോ നോബിൾ ഗ്രേഷ്യസിന് വിവരം കൈമാറി.

കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് മൃതസഞ്ജീവനി സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസിൻ്റെയും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബി ജോൺ എന്നിവരുടെ പിന്തുണയോടെ അവയവദാന പ്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തീകരിച്ചു.

പ്രകാശൻ്റെ കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ചു രോഗികൾക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ, ഡോ ഡാലിയ ദിവാകരൻ, ഡോ സൂസൻ, ഡോ പി ആർ ഇന്ദു, ഡോ റുക്സാന, ഡോ ഐഷാ നിസാമുദീൻ, ഡോ ശ്വേത എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News