
നയതന്ത്ര ബാഗേജില്‍ കടത്തിയ സ്വര്‍ണ്ണം, തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയിട്ട് ഒരുവര്‍ഷം തികയുകയുകയാണ് . അഞ്ച് കേന്ദ്ര ഏജന്‍സികള്‍ ഇക്കാലമത്രയും നാടിളക്കിമറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രധാന പ്രതികളിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
നികുതിവെട്ടിപ്പ് , കള്ളപ്പണം , തീവ്രവാദം തുടങ്ങി എല്ലാം അന്വേഷിച്ചെങ്കിലും , കുറേ രാഷ്ട്രീയ വിവാദകള്‍ സൃഷ്ടിക്കാനായത് മാത്രമാണ് മിച്ചം. അഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, ദീര്‍ഘമായ ഒരു വര്‍ഷം. നേരെചൊവ്വെ ആയിരുന്നുവെങ്കില്‍ സ്വര്‍ണ്ണക്കടത്തിന്റെ ദുരൂഹതകള്‍ നീങ്ങാന്‍ ഇത് ധാരാളമായിരുന്നു.
എന്നാല്‍ 53 പ്രതികളെ പിടിച്ചെന്ന മേനിപറച്ചിലല്ലാതെ, വിദേശത്തുനിന്ന് സ്വര്‍ണ്ണം കയറ്റി അയച്ചവരുടെയോ, കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയോ, ഏഴയലത്തു ചെല്ലാന്‍ അന്വേഷണ സംഘങ്ങള്‍ക് ഇനിയും ആയിട്ടില്ല. സ്വര്‍ണ്ണം കയറ്റി അയച്ച ഫൈസല്‍ ഫരീദ് ഇപ്പോഴും കാണാമറയത്തു തന്നെ . അയാളെ പിടിച്ചെന്നും ഇല്ലെന്നും മാറ്റി മാറ്റി പറഞ്ഞ് കോടതി മുറിയില്‍ അന്വേഷണ സംഘം നാണംകെട്ടു . തീവ്രവാദ ബന്ധത്തിന് തെളിവെവിടെ എന്ന കോടതിയുടെ ചോദ്യത്തിന് എന്‍ ഐ എ ക്ക് ഇനിയും ഉത്തരമില്ല.
സ്വര്‍ണ്ണം പിടിച്ച് ദിവസക്കള്‍ക്കകം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം, അന്വേഷണം എന്‍ ഐ എ ക്ക് കൈമാറിയത്. പ്രതികളുടെ കള്ളപ്പണ ഇടപാടില്‍ ഇ ഡി യും അന്വേഷണം തുടങ്ങി. സ്വര്‍ണ്ണക്കടത്തിന് പണം സമാഹരിച്ച് നല്‍കിയവര്‍, കള്ളക്കടത്ത് സ്വര്‍ണ്ണം കച്ചവട ആവശ്യത്തിനായി വാങ്ങിയവര്‍, അങ്ങനെ ചിലരെ കസ്റ്റംസും പിടിച്ചു.
കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. എന്നിട്ടും ആദ്യഘട്ടത്തില്‍ അവരെ കേസില്‍ പ്രതിചേര്‍ത്തില്ല. രാജ്യംവിട്ടുപോയ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് കസ്റ്റംസ്.
അറ്റാഷെയും സംഘവും നടത്തിയ തട്ടിപ്പ് സ്വര്‍ണ്ണക്കടത്തില്‍ ഒതുങ്ങിയില്ല. വടക്കാഞ്ചേരി ഭവനപദ്ധതിക്കായി റെഡ്ക്രസന്റ് നല്‍കിയ പണത്തില്‍ നിന്നും സംഘം കമ്മീഷനടിച്ച വിവരവും പുാത്തു വന്നു.. കമ്മീഷന്‍ തുകയുടെയും പണം കൈമാറ്റത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈരളി ന്യൂസിലൂടെ, ജോണ്‍ ബ്രിട്ടാസിലൂടെ , അന്ന് കേരളം അറിഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോടതികളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പലകുറി കടുത്ത പരാമര്‍ശവുമുണ്ടായി. യു എ പി എ പോലുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയതെന്തിന്, എന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു . അതോടെ എന്‍ ഐ എ ക്കേസില്‍ ഉള്‍പ്പെടെ പ്രധാനപ്രതികള്‍ മാപ്പുസാക്ഷികളായി. കസ്റ്റംസ് കേസിലെ പ്രതികളില്‍ ഭൂരിഭാഗവും ജാമ്യത്തിലിറങ്ങി.
രാഷ്ട്രീയ കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസുണ്ടാക്കിയ കോളിളക്കം ചില്ലറയല്ല. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല എന്ന് കേന്ദ്ര സഹമന്ത്രി ആവര്‍ത്തിച്ചു കൊണ്ടേയിരുന്നത് എന്തിനെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. പ്രതികളില്‍ ഒരാളായ സ്വപ്നക്ക്, ഐടി സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധം ചികിഞ്ഞ്, കേസന്വേഷണം സംസ്ഥാനസര്‍ക്കാരിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. നൂറുമണിക്കൂറിലേറെ ചോദ്യംചെയ്തെങ്കിലും, ശിവശങ്കറെ എന്‍ ഐ എ കേസില്‍ പ്രതിയാക്കാന്‍ പോലുമായില്ല .
ഖുറാന്‍ കടത്ത്, ഈന്തപ്പഴക്കടത്ത് ഡോളര്‍ കടത്ത് , അങ്ങനെ ഒരു പാട് കടത്ത് കഥകള്‍ പിന്നാലെ വന്നു. രാഷ്ട്രീയ ഭരണ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്തും, ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചും അപമാനിക്കാന്‍ ശ്രമം ഉണ്ടായി. പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് ഒടുവില്‍ ഇഡി . ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളെ വിവാദത്തിലാക്കി ഇല്ലാതാക്കാനുള്ള, രാഷ്ട്രീയ നീക്കങ്ങള്‍ക്ക് , കേന്ദ്ര ഏജന്‍സികള്‍ ചൂട്ട് പിടിക്കുന്നതും കേരളം കണ്ടു
എല്ലാ കോലാഹലങ്ങളും നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ അവസാനിച്ചു. അന്വേഷണ ഏജന്‍സികളെ നിയന്ത്രിച്ചവരും, അതിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചവരും ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടുവെന്നത് ചരിത്രം എങ്കിലും സ്വര്‍ണ്ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ഇനിയും പുറത്തു വന്നിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here