ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം; വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതു തീവ്രമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യവും ഈ ഭീഷണിയില്‍ നിന്ന് മുക്തമല്ല. കൃത്യമായ നീരീക്ഷണം, പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവ സുപ്രധാനമാണെന്നും ഡബ്ല്യു എച്ച് ഒ മേധാവി വ്യക്തമാക്കി. മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായു സഞ്ചാരം ഉറപ്പാക്കല്‍ എന്നിവയും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ജൂലൈയോടുകൂടി എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന് ലോകമെമ്പാടുമുള്ള നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്സിന്‍ പങ്കിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഇതിനകം തന്നെ മൂന്നു ബില്ല്യണ്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News